കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര അഭിനേതാക്കൾക്കെതിരെ രംഗത്തുവന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർക്കും മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ.

സന്ദീപ് വാര്യർ എന്നാണ് ആദായ നികുതി വകുപ്പ് കമ്മിഷണർ ആയതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ കമൽ ജനങ്ങളുടെ ദേശസ്നേഹം അളക്കുന്ന യന്ത്രം ബിജെപിയുടെ കൈയിൽ ഉണ്ടോയെന്നും ചോദിച്ചു.

“സത്യം പുറത്തേക്കു വരികയാണ്. ഇതെന്തു തരം ഭീഷണിയാണ്? ഇത്രയും നാൾ ആദായനികുതിയുടെ പേരിൽ ആളുകളെ പിടിച്ചുവച്ചത് അപ്പോൾ ഇവർക്കെതിരെ സംസാരിച്ചതുകൊണ്ടാണോ? സത്യത്തിൽ പ്രതിഷേധിക്കാൻ വൈകിപ്പോയെന്നാണ് ഞങ്ങളുടെ ഒക്കെ അഭിപ്രായം. ഇന്ത്യ മുഴുവൻ വിദ്യാർഥികളും യുവജനങ്ങളും രാഷ്ട്രീയ സംഘടനകളും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് ഞങ്ങളും ചെയ്തത്. കാരണം ഞങ്ങൾ ഇന്ത്യയിലെ പൗരൻമാരാണ്. ഞങ്ങളുടെ പൂർവികർ ഇവിടെ ജനിച്ച് ജീവിച്ച് മരിച്ചവരാണ്.”

Read More: പ്രതിഷേധത്തിനിറങ്ങിയ കലാകാരന്‍മാര്‍ക്ക് രാജ്യസ്‌നേഹമില്ല: കുമ്മനം

“ഞാനൊരു മുസ്ലിം ആയതുകൊണ്ട് തന്നെ എന്നോട് പാക്കിസ്ഥാനിലേക്ക് പോകാൻ നിരന്തരം ബിജെപിക്കാർ പറയാറുണ്ട്. ഓരോ തവണയും എന്റെ സിനിമകളിലൂടെ ഞാൻ കമൽ ആണെന്ന് പറയുമ്പോൾ, അവരെന്നെ കമാലുദ്ദീൻ എന്ന് വിളിച്ചുകൊണ്ടിരിക്കും. അങ്ങനെ വിളിക്കാനുള്ളതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഞാൻ പാക്കിസ്ഥാനിലേക്ക് പോകണോ ബംഗ്ലാദേശിലേക്ക് പോകണോയെന്നതു തീരുമാനിക്കേണ്ടതു ഞാനാണ്, അല്ലാതെ അവരല്ല,” കമൽ പറഞ്ഞു.

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ ‘പൊളിറ്റിക്കൽ വെണ്ടേറ്റ’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

Read More: ‘മൈക്കും ജനക്കൂട്ടവും കണ്ട് ചാടിവീഴുന്ന നടിമാരുടെ ശ്രദ്ധയ്ക്ക്’; മുന്നറിയിപ്പുമായി യുവമോർച്ച നേതാവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങൾക്കും സാംസ്‌കാരിക പ്രവര്‍ത്തകർക്കും രാജ്യസ്‌നേഹമില്ലെന്നും താരങ്ങളുടെ ദേശസ്‌നേഹം വെറും അഭിനയമാണെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് കമൽ ചൂണ്ടിക്കാട്ടി.

“സാംസ്കാരിക പ്രവർത്തകരുടെ ഭാഗത്തു നിന്നോ കലാകാരന്മാരുടെ ഭാഗത്തു നിന്നോ ഒരു പ്രതിഷേധമുണ്ടാകുമ്പോൾ വളരെ രൂക്ഷമായാണ് ബിജെപി പ്രതികരിക്കുന്നത്. ഉടൻ തന്നെ ഞങ്ങളെ അർബൻ നക്സൽസ് എന്ന് വിളിക്കും. ഈ വിളിക്കുന്നവരൊക്കെ അർബൻ നാസികളാണ് എന്നതാണ് സത്യം. അത് ഞാൻ ആവർത്തിക്കുകയാണ്. ഞങ്ങൾ​ സമാധാനപരമായാണ് പ്രതിഷേധിച്ചത്. രാജ്യമെമ്പാടും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുമ്പോൾ അവർക്കൊപ്പം നിൽക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. പൗരത്വ ഭേദഗതി നിയമത്തോട് ശക്തമായ വിയോജിപ്പുള്ളവരാണ് ഞങ്ങൾ. അത് പ്രകടിപ്പിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്,” കമൽ പറഞ്ഞു.

Read More: ശരിയാണ്, നിങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പാണ്; മോദിക്കെതിരെ കമല്‍

“കേരളത്തിലിരുന്നുകൊണ്ട് ഇവരിങ്ങനെ കുരച്ചിട്ട് കാര്യമില്ല. കേരളത്തിൽ ഇവർ ഉണ്ടാക്കുമെന്നു പറയുന്ന സ്വാധീനത്തിന്റെ അടിവേരിനാണ് ഇപ്പോൾ അടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ കണ്ടതാണ്. ശബരിമല പ്രശ്നം നടക്കുമ്പോൾ വിശ്വാസികൾക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ ബിജെപിക്കാർ വിചാരിച്ചു ഉത്തരേന്ത്യയിലെ പോലെ എളുപ്പത്തിൽ ഇവിടെ വേരുറപ്പിക്കാമെന്ന്. പക്ഷെ പ്രബുദ്ധരായ ആളുകളുള്ള​ ഇടമാണ് കേരളം. വർഗീയത പറഞ്ഞിറങ്ങിയാൽ ഇവിടെ അത് നടക്കില്ല. മനുഷ്യരുള്ള ഇടമാണിത്. മനുഷ്യരെ മനുഷ്യരായി കാണാത്ത ബിജെപി പ്രവർത്തകരുടെ കളികൾ ഇവിടെ നടക്കില്ല. സന്ദീപ് വാര്യർ സംസാരിക്കുന്നത് ചാനലുകളിലൊക്കെ കേൾക്കാറുള്ളതാണ്. അവർ നമ്മളെ അർബൻ നക്സൽസ് എന്ന് വിളിക്കുമ്പോൾ, തിരിച്ചവരെ ഹിന്ദുത്വ തീവ്രവാദി എന്നു പോലും വിളിച്ചാൽ പോര. മനുഷ്യൻ എന്ന് പോലും ഇവരെ സംബോധന ചെയ്യാൻ അറപ്പ് തോന്നുന്നു. പുച്ഛത്തോടെ തള്ളിക്കളയുകയാണ് ഇവരെയൊക്കെ,” കമൽ പറഞ്ഞു.

Read More: പൗരത്വ ഭേദഗതി നിയമം മനുഷ്യത്വത്തിന് എതിര്: കെ.ആർ മീര

വിദ്യാർഥിയായിക്കുന്ന കാലത്ത് അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്ത തന്നെപ്പോലുള്ള ആളുകളെ ഭയപ്പെടുത്താൻ ബിജെപി ശ്രമിക്കരുത്. ഇന്ത്യയെന്ന വികാരത്തെ ഹിന്ദുത്വ വാദികളിൽനിന്നും യഥാർഥ ദേശസ്നേഹികൾ തിരിച്ചുപിടിക്കുന്ന കാലമാണിത്.

“അവർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഇന്ത്യയെന്ന ആശയത്തോട് കൂടുതൽ ആഭിമുഖ്യം തോന്നുകയാണ്. ഇടക്കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഭയപ്പെട്ടിരുന്ന മതേതരത്വം, ഇന്ത്യൻ ദേശീയത എന്നിവയെ നമ്മൾ തിരിച്ചുപിടിക്കുന്നു. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അവബോധം ഇല്ലാതിരുന്ന ഒരു യുവസമൂഹത്തെ അത് ബോധ്യപ്പെടുത്താൻ ഈ സമരത്തിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയബോധമുള്ള ഒരു തലമുറ വളർന്നുവരുന്നുണ്ട്. ചരിത്രം പഠിക്കാനല്ല, ചരിത്രം സൃഷ്ടിക്കാനാണ് വന്നതെന്ന് പറയുന്ന വിദ്യാർഥികളാണ് ഇന്ത്യയുടെ യഥാർഥ പ്രതിപക്ഷം. നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന ആശയത്തെ ഇന്ത്യ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയാണ് ബിജെപി ഭയക്കുന്നത്,” കമൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.