കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ സംസാരിച്ചത്. “എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. അതെ, ഞങ്ങള്‍ക്ക് നരേന്ദ്ര മോദിയോട് വെറുപ്പാണ്. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളെ വെറുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ജനാധിപത്യ-മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെയൊരു പ്രത്യയശാസ്ത്രവുമായി നടക്കുന്ന പ്രധാനമന്ത്രിയെ വെറുക്കാതിരിക്കാന്‍ കഴിയില്ല എന്നുതന്നെയാണ് പറയാനുള്ളത്.” കമല്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും സമരം ചെയ്തുകൊണ്ടിരിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് നടി നിമിഷ സജയന്‍. കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി നിമിഷയുമെത്തി. ലോങ് മാര്‍ച്ച് അവസാനിക്കുന്നതുവരെ പങ്കെടുക്കുമെന്നും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും നിമിഷ സജയന്‍ പറഞ്ഞു. സര്‍ക്കാരിനു ശ്രദ്ധിക്കാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നല്‍കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സര്‍ക്കാര്‍ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെ കുറിച്ച് നന്നായി പഠിച്ചശേഷം തന്നെയാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി.

Read Also: ഞങ്ങളെ ബുദ്ധിമുട്ടിക്കലല്ല നിങ്ങളുടെ ജോലി; വിമാനം വൈകിപ്പിച്ചതിൽ പ്രഗ്യ ഠാക്കൂറിനെതിരെ സഹയാത്രികർ

പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചിയിൽ നടക്കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാർച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് എത്തുക. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്. ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽനിന്നു ഫോർട്ട് കൊച്ചി വരെ പദയാത്രയും നടത്തുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നിന് രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിക്കുന്ന മാർച്ച് വൈകുന്നേരം ഏഴിന് ഫോർട്ട് കൊച്ചി വാസ്കോ സ്വയറിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.