തൃശൂര്‍: സിനിമ സംവിധായകന്‍ ബാബു നാരായണന്‍ (അനില്‍ ബാബു) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ന് തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് അനില്‍ ബാബു എന്ന പേരില്‍ 24 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നടി ശ്രവണ മകളാണ് (‘തട്ടിൻപ്പുറത്തെ അച്യുതൻ’ നായിക). ഭാര്യ: ജ്യോതി ബാബു. മകന്‍: ദര്‍ശന്‍.

മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, ഇങ്ങനെയൊരു നിലാപക്ഷി, പകൽപ്പൂരം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.  2004 ൽ ‘പറയാം’ എന്ന ചിത്രത്തിന് ശേഷം സംവിധാനത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

ഹരിഹരന്റെ സംവിധാന സഹായി ആയാണ് ബാബു മലയാള സിനിമയിലെത്തുന്നത്. അനഘയാണ് ആദ്യ ചിത്രം. 1992 ല്‍ ‘മാന്ത്രികച്ചെപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അനില്‍ കുമാറുമായി ചേര്‍ന്ന് അനില്‍ ബാബു എന്ന സംവിധായക ജോഡി പിറവിയെടുക്കുന്നത്. ഇരുവരും ചേർന്ന് 24 ഓളം സിനിമകൾ സംവിധാനം ചെയ്തു. ഇതിൽ മിക്കതും സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാൽ, ‘പറയാം’ എന്ന ചിത്രത്തിലൂടെ കൂട്ടുകെട്ട് പിരിയുകയായിരുന്നു.

തൃശൂരിലാണ് ബാബു നാരായണനും കുടുംബവും താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.30 വരെ വീട്ടിൽ പൊതുദർശനം നടക്കും. നാലിന് സംസ്കാര ചടങ്ങുകൾ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.