scorecardresearch

അലി അക്ബർ ബിജെപിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞു; ‘പക്ഷങ്ങളില്ലാതെ മുന്നോട്ട് പോവും’

ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്നും അലി അക്ബർ

Ali Akbar, അലി അക്ബർ, അലി അക്ബർ ബിജെപി, BJP, ബിജെപി, അലി അക്ബർ ബിജെപി വിട്ടു, Malayalam News, Kerala News, IE Malayalam

കോഴിക്കോട്: ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതായി സംവിധായകൻ അലി അക്ബർ. . എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞുവെന്നും പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്നും അത് ഒന്ന് തീർക്കുന്നുവെന്നും അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അലി അക്ബർ രാജി വച്ചതായും വിവരമുണ്ട്.

“ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം,” എന്ന് പറഞ്ഞാണ് അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

“അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..”

“മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല… അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ അർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..” ഫെയ്ബുക്ക് പോസ്റ്റിൽ അലി അക്ബർ പറഞ്ഞു.

“മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ,ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു,” അലി അക്ബർ കുറിച്ചു.

” എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു…എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ,” എന്ന് പറഞ്ഞാണ് സംവിധായകൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

അതേ സമയം ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ താൻ ആരോടും ഇടഞ്ഞിട്ടില്ലെന്ന് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ അലി അക്ബർ പറഞ്ഞു. “എന്റെ ദൈവമേ ഞാൻ ആരോടും ഇടഞ്ഞിട്ടുമില്ല.ഒന്നും പറഞ്ഞിട്ടുമില്ല,” എന്നാണ് ഫെയ്സബുക്ക് പോസ്റ്റ്.

താൻ ബിജെയിപിയിൽ തന്നെ ഉണ്ടെന്നും ആരും പറിച്ച് മാറ്റാൻ ശ്രമിക്കേണ്ടെന്നും സൂചിപ്പിക്കുന്ന മറ്റൊരു കുറിപ്പും അലി അക്ബർ പിറകെ പോസ്റ്റ് ചെയ്തു. “ഇതേന്ന് പറിച്ചുമാറ്റാൻ ആരും മിനക്കെടേണ്ട… അവിടെത്തന്നെ ഉണ്ട്,” എന്നാണ് ബിജെപിയുടെ പതാകയുടെ ചിത്രത്തോടൊപ്പമുള്ള പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ അലി അക്ബർ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Director ali akbar bjp state committee resignation from official positions