തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കമാണ് ഇത് ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇത് ബോർഡിനെ കാര്യമായി ബാധിക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും പെന്‍ഷന്‍ അടക്കമുളള കാര്യങ്ങള്‍ പോലും പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും കാണിക്ക ഇടരുതെന്ന ആഹ്വാനവും പ്രകാരം നടവരവില്‍ വൻ ഇടിവാണ് ഉണ്ടായത്. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഓരോ വർഷവും 10 ശതമാനത്തിലേറെ വർധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്.

ശബരിമലയിലെ നടവരവ് കുറഞ്ഞതിൽ ആശങ്കയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാർ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ എക്കാലവും ബോർഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ദേവസ്വം ബോർഡിനെ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെൻഷൻകാരെയും ആണ് നടവരവിലെ ഇടിവ് ബാധിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.