കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപ് അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയ ചർച്ചകളും ട്രോളുകളുമായി അത് ആഘോഷിക്കുകയാണ്. താരത്തിന്റെ സിനിമകളിലെ ഡയലോഗുകൾ വെച്ചും ട്രോളുകളും വാര്‍ത്തകളും വരുന്നു. ദീലിപ് പഴയ അഭിമുഖങ്ങളിൽ ദിലീപ് പറഞ്ഞ വാക്കുകളും ദിലീപിനെ പുകഴ്ത്തി മറ്റുള്ളവര്‍ പറഞ്ഞ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ 2016 മെയ് 4ന് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്.

അനുദിനം സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരമ്മയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ്‌ ഹോൾസി”ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം’ ദിലീപ് അന്ന് കുറിച്ച വാക്കുകൾ ഇന്ന് ദിലീപിനും ബാധകമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ദിലീപിന്റെ പഴയ പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ് .
ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്‌ കാണേണ്ടത്‌? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ്‌ ഹോൾസി”ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,
ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം.
നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ.
അതിന്‌ ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌.
ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ്.
NB:ഇതോടൊപ്പമുള്ള ചിത്രം വാട്ട്‌ സാപ്പിൽ നിന്നുംകിട്ടിയതാണു,ശിൽപ്പി ആരായാലും അഭിനന്ദനം അർഹിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.