കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി. വീഡിയോ കോൺഫറന്‍സ് വഴി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ദീലീപിന് ജാമ്യം നല്‍കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തെങ്കിലും പറയാനുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നരകോടിയുടെ ക്വട്ടേഷനെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തിനുശേഷം പൊലീസ് പിടികൂടിയാൽ മൂന്നു കോടി നൽകാമെന്നും ദിലീപ് പറഞ്ഞു. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്നും പൾസർ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. സഹതടവുകാരൻ വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.

ക്വട്ടേഷൻ തുക വാങ്ങിയശേഷം രക്ഷപ്പെടാനായിരുന്നു സുനിയുടെ പദ്ധതി. എന്നാൽ കൂട്ടുപ്രതി സമ്മതിക്കാത്തതിനാൽ കോടതിയിൽ കീഴടങ്ങാൻ എത്തുകയായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയതെന്നുമാണ് മൂന്നാം വട്ടം ജാമ്യത്തിനായി സമീപിച്ചപ്പോൾ ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.