എറണാകുളം: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ അടച്ചു പൂട്ടാനുളള നഗരസഭയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഡി സിനിമാസിന് പ്രവർത്തിക്കാനുള്ള അനുമതിയുണ്ടെന്നും, നഗരസഭയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡി സിനിമാസ് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയും ഹൈക്കോടതി നൽകിയിട്ടുണ്ട്.
നിർമ്മാണ അനുമതി നൽകിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് ദിലീപിന്റെ തിയേറ്റർ അടച്ചു പൂട്ടാൻ നഗരസഭ തീരുമാനിച്ചത്. വ്യാജരേഖകൾ ചമച്ച് തങ്ങളെ കബളിപ്പിച്ചതായി നഗരസഭ യോഗം കണ്ടെത്തി. നഗരസഭയിലെ പ്രതിപക്ഷവും , ഭരണപക്ഷവും ഒറ്റക്കെട്ടായാണ് ദിലീപിന്റെ തിയേറ്റർ അടച്ച് പൂട്ടാൻ പിന്തുണച്ചത്.
ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് ദിലീപിന്റെ തിയറ്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതുവരെ തിയേറ്റർ തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. റവന്യുഭൂമി കയ്യേറിയാണ് ദീലിപ് തിയേറ്റർ നിർമ്മിച്ചത് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും സ്വാധീനത്തിലാണ് ദിലീപ് തിയേറ്റർ നിർമ്മച്ചത് എന്ന പരാതി ഉയർന്നിരുന്നു.
എന്നാൽ നടന്‍ ദിലീപിന്റെ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയതായിരുന്നു. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം സർവേ വിഭാഗം നൽകിയത്. ഇതിലും പഴയ രേഖകള്‍ ഇപ്പോൾ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കിൽ അവരുടെ കയ്യിലുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവേ നടത്തേണ്ടിവരുമെന്നും സർവേ വിഭാഗം അറിയിച്ചിരുന്നു.
30 വർഷത്തിന് മുൻപുള്ള രേഖകൾ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിർമിക്കാൻ നൽകിയതാണെന്നാണ് പരാതിക്കാർ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാൻ സാധിച്ചില്ല. ഇപ്പോഴും അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. പല തവണ റജിസ്ട്രേഷൻ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.