കൊച്ചി: നടിക്കെതിരായ ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധു പരിഭ്രാന്തനായി അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേക്ക് പാഞ്ഞുപോയെന്ന് അയല്‍വാസി പറഞ്ഞു. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അയൽവാസി പറഞ്ഞു. മനോരമാ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘നടി ആക്രമിക്കപ്പെട്ട അന്നു രാത്രി എട്ടു മണികഴിഞ്ഞപ്പോൾ ഒരു യുവതി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പറഞ്ഞ് ആലുവ ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലത്തിൽ കയറി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതു കേട്ടു. ഇതറിഞ്ഞെത്തിയ ഭർത്താവ് യുവതിയെ മർദ്ദിച്ചു. ഇതേത്തുടർന്ന് ഇവർ ഓടി ദിലീപിന്റെ വീടിനു മുന്നിൽ എത്തി. ഇവിടെവച്ചും ദമ്പതിമാർ തമ്മിൽ അടിപിടികൂടി. ഈ സമയമാണ് ദിലീപിന്റെ അനുജൻ അനൂപും മറ്റൊരാളുംകൂടി കാറിൽ അമിതവേഗത്തിൽ വീട്ടിലേക്കു പാഞ്ഞുപോയത്. സ്വന്തം വീടിനു മുന്നിൽ നടന്ന സംഘർഷം ഒന്നു ശ്രദ്ധിക്കുക കൂടി ചെയ്യാതെയാണ് ഇവർ കടന്നുപോയത്. അപ്പോൾ യാതൊന്നും തോന്നിയില്ലെങ്കിലും പിന്നീട് രാവിലെ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ ചില സംശയങ്ങൾ തോന്നി’ അയൽവാസി പറയുന്നു.


കടപ്പാട്:മനോരമാ ന്യൂസ്

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കും. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ താരസംഘടനയുടെ അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും പ്രാഥമികാഗത്വവും അടിയന്തരമായി റദ്ദ് ചെയ്യാന്‍ ധരണയായി. സംഘടന നടിക്കൊപ്പമാണെന്നും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നടന്മാരേയും അമ്മ വാര്‍ത്താകുറിപ്പില്‍ തളളിക്കളഞ്ഞു.

യുവതാരങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെതിരെ നടപടി എടുത്തത്.. പൃഥ്വിരാജും ആസിഫ് അലിയും അടക്കമുളളവര്‍ ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നടപടി കൈക്കൊണ്ടില്ലെങ്കില്‍ സംഘടന പിളരുമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നിരുന്നു.

കേസില്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യ സൂത്രധാരകരെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ഇപ്പോള്‍ 12-ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും. കൂട്ടബലാത്സംഗം അടക്കമുളള കുറ്റങ്ങളാണ് ചുമത്തുക.

ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തതിരിക്കുന്നത്. രാവിലെയോടെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിച്ച ദിലീപിനെ ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് തടവുകാരാണ് ദിലീപിനൊപ്പം ജയിലിലുളളത്. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് നടനൊപ്പം ഉളളത്. പ്രത്യേക ഭക്ഷണണോ മറ്റ് സൗകര്യമോ ദിലീപിന് നല്‍കില്ല.

നേരത്തേ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കയറുമ്പോള്‍ എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജാമ്യാപേക്ഷ നല്‍കി പുറത്തിറങ്ങുമ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് പ്രതികരിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കി ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ