കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയുമായി കോട്ടയത്തെ ജഡ്ജിയമ്മാവന്‍ കോവിലിൽ. പൊന്‍കുന്നത്തിനടുത്ത് ചെറുവള്ളിലുള്ള ജഡ്ജിയമ്മാവന്‍ കോവിലിലാണ് സഹോദരന് ജാമ്യം കിട്ടുന്നതിനായി വഴിപാടുകളുമായി അനൂപ് എത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അനൂപും കുടുംബാംഗങ്ങളും കൂട്ടുകാരും ചെറുവള്ളില്‍ ദേവീ ക്ഷേത്രത്തിലും ജഡ്ജിയമ്മാവന്‍ കോവിലിലും എത്തിയത്.

പ്രത്യേക പ്രാർഥനകൾക്കും പൂജകൾക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്‍റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നുവെന്നും തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയതെന്നുമാണ് വിവരം.

വ്യവഹാരങ്ങളില്‍ തീർപ്പാകാതെ ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്ഠയെന്നാണ് ജഡ്ജിയമ്മാവനെ വിശേഷിപ്പിക്കുന്നത്. പ്രശ്‌നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ് ഇവിടെയെത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം. ജാമ്യം ലഭിച്ചാൽ ഉടൻതന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.


കടപ്പാട്: മനോരമാ ന്യൂസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.