കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്ന നടൻ ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കും. സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയിൽ അനുകൂല വിധി ലഭിക്കില്ലെന്ന നിയമോപദേശത്തിന്റെ സാഹചര്യത്തിലാണ് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ തേടുന്നത്. അതേ സമയം കേസിൽ അഭിഭാഷകനെ മാറ്റാൻ ദിലീപ് ബന്ധുക്കളോട് ആവശ്യപ്പെട്ടതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ കേരള ഹൈക്കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ പ്രൊസിക്യൂഷൻ ഇതിനെ എതിർത്ത് ശക്തമായി വാദിച്ചിരുന്നു. ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി(സുനിൽരാജ്) ഒളിവിലാണെന്ന വാദമായിരുന്നു പ്രൊസിക്യുഷൻ പ്രധാനമായും ഉന്നയിച്ചത്.

അപ്പുണ്ണി പൊലീസിൽ ഹാജരായ സാഹചര്യത്തിൽ ജാമ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് ദിലീപിനുള്ളത്. ഇതിന് പുറമേ കേസിൽ മൊബൈൽ ഫോൺ വീണ്ടെടുക്കാനായില്ലെന്ന വാദവും പ്രൊസിക്യുഷൻ ഉന്നയിച്ചിരുന്നു. എന്നാൽ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയും ഇദ്ദേഹത്തിന്റെ ജൂനിയർ രാജു ജോസഫും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഈ രണ്ടു സാഹചര്യങ്ങളും അനുകൂലമായതിനാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നടൻ ദിലീപ്. നേരത്തേ അങ്കമാലി കോടതിയും പിന്നീട് കേരള ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജില്ല സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ