അന്തരിച്ച പ്രശസ്ത സിനിമാ- മിമിക്രി താരം കലാഭവന്‍ അബിയുടെ വീട്ടില്‍ നടന്‍ ദിലീപെത്തി. അബിയുടെ മുവാറ്റുപുഴയിലുളള വീട്ടിലാണ് ദിലീപ് എത്തിയത്. അബിയുടെ മക്കളേയും ഭാര്യയേും ദിലീപ് ആശ്വസിപ്പിച്ചു. ദിലീപ് വീട്ടിലെത്തിയപ്പോള്‍ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. മ്ലാനമൂകമായിരുന്നു അബിയുടെ വീട്ടിലെ അന്തരീക്ഷം. വാപ്പച്ചിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല ഷെയിനും സഹോദരങ്ങളും. ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു ഷെയിന്‍ നിഗം.

ഉറ്റസുഹൃത്തുക്കളായിരുന്ന ദിലീപും അബിയും മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയോ പ്രശസ്തിയോ ഒന്നും തേടിയെത്താത്ത കാലത്ത് വേദികളില്‍ ദിവസക്കൂലിക്ക് മിമിക്രി അവതരിപ്പിക്കുന്ന കാലംമുതല്‍ തുടങ്ങിയതാണ് ഇവര്‍ തമ്മിലുള്ള ബന്ധം.

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, ദിലീപ്, നാദിര്‍ഷ സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ആമിന താത്ത എന്ന കഥാപാത്രത്തെ അബിയിലൂടെ ലോകമലയാളികൾ അറിഞ്ഞു. അഭിയെന്ന പേര് തനിക്ക് ഒരു ഉത്സവ കമ്മറ്റിക്കാർ ഇട്ടതാണെന്നു പണ്ട് അഭി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ഉത്സവ കമ്മറ്റിക്കാർക്ക ഹബീബ് മുഹമ്മദ് എന്ന പേര് ഓർമ്മ വരാതെ അഭി എന്ന് അവർ അനൗൺസ് ചെയ്തതോടെ അഭി എന്ന പേര് താൻ സ്വീകരിക്കുകയായിരുന്നു എന്നും അഭി പറഞ്ഞിരുന്നു.

കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്. 300ഓളം മിമിക്രി ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. ജയറാം,​ ദിലീപ്. കലാഭവന്‍ മണി,​ ജയസൂര്യ തുടങ്ങിയവരെ പോലെ തന്നെ മിമിക്രിയുടെ ലോകത്ത് നിന്ന് സിനിമാരംഗത്തെത്തിയ ആളായിരുന്നു അബിയും. എന്നാല്‍, ഒരു കാലത്ത് സ്റ്റേജ് ഷോകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച അബി മാത്രം എങ്ങുമെത്തിയില്ല.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയപ്പോഴും അബി ആരോടും പരാതിയും പരിഭവവും പറഞ്ഞതുമില്ല. എന്നാല്‍,​ സിനിമയില്‍ വലിയ നടനാകണമെന്ന തന്റെ ആഗ്രഹം മകനായ ഷെയിന്‍ നിഗമിലൂടെ നിറവേറ്റപ്പെട്ടപ്പോള്‍ അബി സ്വയം സന്തോഷിക്കുകയായിരുന്നു. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ആമിനത്താത്ത. സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്.

അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന കറുത്ത സൂര്യന്‍ എന്ന സിനിമയിലാണ് അബി അവസാനം അഭിനയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ