ആലുവ: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ നിന്നും മോചിതനായ ദിലീപിനെ കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ. ദിലീപിന് ജാമ്യം ലഭിച്ച വാർത്ത അറിഞ്ഞതോടെ ആരാധകരുടെ ഒഴുക്കായിരുന്നു ജയിൽ പരിസരത്തേക്ക്. മണിക്കൂറുകൾക്കുളളിൽ ജയിൽ പരിസരം ആരാധകരാൽ തിങ്ങിനിറഞ്ഞു. പൊലീസിനുപോലും ഒരു ഘട്ടത്തിൽ ആരാധകരെ നിയന്ത്രിക്കാനായില്ല. ലഡു വിതരണം ചെയ്തും ദിലീപിന് മുദ്രാവാക്യം വിളിച്ചും ആരാധകർ അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ജയിലിനു സമീപത്തായി ദിലീപിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. തിയേറ്ററിൽ ദിലീപിന്റെ സിനിമയെ വരവേൽക്കുന്ന പ്രതീതിയായിരുന്നു ആലുവ സബ് ജയിലിനു മുന്നിൽ കണ്ടത്.
ദിലീപ് പുറത്തിറങ്ങുമ്പോൾ നൽകാനായി പൂച്ചെണ്ടുകളും ഹാരങ്ങളും ആരാധകർ കയ്യിൽ കരുതിയിരുന്നു. ഏവർക്കും ദിലീപിനെ ഒരു നോക്ക് കാണുക മാത്രമായിരുന്നു ലക്ഷ്യം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദിലീപ് ജയിലിൽനിന്നും പുറത്തേക്കെത്തി. കൈ വീശി കാണിച്ചും ആരാധകരെ കൈ കൂപ്പി അഭിവാദ്യം ചെയ്തും ദിലീപ് ആരാധകരോടുളള തന്റെ സ്നേഹം പ്രകടിപ്പിച്ചു. മിനിറ്റുകളോളം ആരാധകർക്കുനേരെ ദിലീപ് കൈ വീശി കാണിക്കുകയും സ്നേഹ ചുംബനം കൈമാറുകയും ചെയ്തു. അതിനുശേഷമാണ് ദിലീപ് കാറിനകത്തേക്ക് കയറിയത്.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. ഹൈക്കോടതിയിൽ മൂന്നാം തവണ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് അനുകൂല വിധി ഉണ്ടായത്. കർശന ഉപാധികളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.