കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്ന് നടൻ ദിലീപ്. പ്രസിഡന്റ് സ്ഥാനം വേണ്ടെന്നും എന്നാൽ സംഘടനയ്ക്കൊപ്പം നിൽക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച കത്ത് ദിലീപ് ഫ്യൂയോക് ഭാരവാഹികൾക്ക് നൽകി. ദിലീപ് തന്നെ തുടക്കമിട്ട സംഘടനയാണ് ഫ്യൂയോക്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഫ്യൂയോക് പ്രസിഡന്റായി നടൻ ദിലീപിനെ വീണ്ടും ഇന്നലെ തിരഞ്ഞെടുത്തത്. കൊച്ചിയിൽ ചേർന്ന യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകം, സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ