കൊല്ലം: ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംഘത്തെയും വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 10 പേരെയും 2 വാഹനങ്ങളുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ ഏജൻസിയുടെ സംഘം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു വാഹനങ്ങൾ പരിശോധിക്കണമെന്ന നിർദേശം കൊട്ടാരക്കര പൊലീസിന് ലഭിച്ചു. തുടർന്ന് എംസി റോഡിൽവച്ച് പൊലീസ് വാഹനങ്ങളെ തടഞ്ഞു. എന്നാൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പൊലീസിനോട് സഹകരിക്കാൻ തയാറായില്ല. തുടർന്നാണ് കൂടുതൽ പൊലീസെത്തി വാഹനത്തിൽ ഉണ്ടായിരുന്നവരെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തത്. പരിശോധനയ്ക്കുശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

സ്വയം സുരക്ഷയ്ക്കായി ദിലീപ് ഗോവ ആസ്ഥാനമായുള്ള സ്വകാര്യ സുരക്ഷാ ഏജൻസിയായ തണ്ടര്‍ഫോഴ്സിന്റെ സഹായം തേടിയിരുന്നു. ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി മൂന്നു പേരുണ്ടാവും. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയൊക്കെയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്.

റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് കേരളത്തിലെ തണ്ടര്‍ഫോഴ്സ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇദ്ദേഹവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മൂന്നുപേരെ നിയമിക്കാൻ തീരുമാനമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ