അച്ഛന്റെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ ദിലീപ് അൽപ സമയത്തിനകം പുറത്തിറങ്ങും

രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്

actress attack case, dileep arrest

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് പുറത്തിറങ്ങും. അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി അനുവദിച്ചത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍.

2008ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം മൂത്തമകനായ ദിലീപ് എല്ലാ വര്‍ഷവും മുടങ്ങാതെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് എത്താറുണ്ടെന്നും ഇത്തവണയും അതിന് അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ശ്രാദ്ധദിനത്തില്‍ ദിലീപ് എത്തിയിട്ടില്ലെന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടപ്പോള്‍ ഇക്കാര്യം ദിലീപ് ഉന്നയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതി ഓണാവധിക്ക് പിരിയുന്ന ദിവസം അപേക്ഷ നൽകാനായി തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി അനുമതി നല്‍കിയത്. ചടങ്ങ് ആരംഭിക്കുന്ന 7 മണി മുതല്‍ 11 വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ രാവിലെ 8 മുതല്‍ 10 വരെയാണ് കോടതി അനുവാദം നല്‍കിയത്.

റിമാ‍ൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്തും ഇന്നലെ രഹസ്യ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dileep out from jail for fathers death anniversary function

Next Story
‘ദൈവത്തിന്‍റെ സ്വന്തം നാട്’; ഗൗരി ലങ്കേഷിന്‍റെ അവസാന വാക്കുകളിലൊന്ന് കേരളത്തിലെ മതനിരപേക്ഷതയെ കുറിച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com