scorecardresearch
Latest News

‘ബഹുമാനം (ഒട്ടും കുറക്കാതെ)’ മോഹന്‍ലാലിനെ തിരുത്തി ജോയ് മാത്യു

“പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയില്‍ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമര്‍ശം പോലും ഇല്ലെന്നു എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)”

joy mathew-mohanlal

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് തെറ്റാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ‘അമ്മ’യ്ക്ക് മെയില്‍ അയച്ചു.

ജോയ് മാത്യു അയച്ച കത്തിന്റെ പൂര്‍ണ രൂപം:

ബഹുമാനപ്പെട്ട പ്രസിഡന്റ്, കൂടെയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാന്‍, കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്തe സമ്മേളനത്തില്‍ പറഞ്ഞത് കാണുവാനും പിന്നീട് കേള്‍ക്കുവാനും ഇടവന്നു.

സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മാധ്യമങ്ങളെ കാണുവാന്‍ കാണിച്ച താൽപര്യത്തിനും കഴിഞ്ഞ ജനറല്‍ ബോഡിയില്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതിനും ക്ഷമ ചോദിച്ചതും അന്തസ്സായി. എന്നാല്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ അബദ്ധങ്ങള്‍, അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോള്‍ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓര്‍മിപ്പിക്കുവാനാണ് ഈ എഴുത്ത്.

സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറല്‍ ബോഡില്‍ അവതരിപ്പിക്കേണ്ട അജണ്ടയില്‍ ഉണ്ടായിരുന്നുവെന്നും അംഗങ്ങള്‍ ആരും അതേപറ്റി സംസാരിക്കാന്‍ തയാറായില്ല എന്നും പറയുന്നത് കേട്ടു. അത് തെറ്റല്ലേ സാര്‍?

പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയില്‍ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമര്‍ശം പോലും ഇല്ലെന്നു എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)

അങ്ങനെ വരുമ്പോള്‍ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്നു വരുന്നു. (നുണ എന്ന് ഞാന്‍ പറയില്ല, കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണ). അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം. പക്ഷെ പ്രസ്തുത വിഷയം അജണ്ടയില്‍ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരു പോലെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയില്ലാത്തവരാണ് എന്ന് കരുതരുത് .

അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാര്‍.

അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കട്ടെ.

അടുത്ത വാര്‍ത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

മറുപടി അയക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കല്‍പം കിഴുക്കാം തൂക്കായിത്തന്നെ നില്‍ക്കട്ടെ

ബഹുമാനം (ഒട്ടും കുറക്കാതെ)

ജോയ് മാത്യു, ഒരു ക്ലാസ് ഫോർ അംഗം

എ​റ​ണാ​കു​ളം പ്ര​സ്​​ക്ല​ബിൽ സം​ഘ​ടി​പ്പി​ച്ച വാർത്താ സമ്മേളനത്തിൽ സം​സാ​രി​ക്കവെയാണ് ദിലീപ് വിഷയം അമ്മ ജനറൽബോഡിയുടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞത്.

അതേസമയം മോഹൻലാൽ ഇന്നലെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ‘അമ്മ’യിലെ പ്രശ്​നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന‌് കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയിലെ ചില തീരുമാനങ്ങൾക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ട‌്. ഇത്​ പരിഹരിക്കാൻ ഭാരവാഹികൾ മുൻകൈയെടുക്കണം. ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ‌്ത‌് തീരുമാനിക്കുമെന്നും മോഹൻലാൽ ഉറപ്പ‌ു നൽകിയിട്ടുണ്ട‌െന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dileep issue amma joy mathew mohanlal