ആലുവ: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപിനു ജയിലിൽ പ്രത്യേക പരിഗണന ഒന്നുമില്ല. കവർച്ച അടക്കമുള്ള കേസുകളിൽ പ്രതികളായ നാലു പേർക്കൊപ്പമാണു ദിലീപ് കഴിയുന്നതെന്നാണ് വിവരം. തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ വച്ച് നൽകിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്നു രാവിലെ ജയിലിൽ എത്തിയപ്പോൾ പ്രഭാതഭക്ഷണത്തിനു നൽകിയ ഉപ്പുമാവും പഴവും കഴിച്ചു.
സഹതടവുകാരരോടും പോലീസിനോടും ദിലീപ് സഹകരണത്തോടെയാണ് പെരുമാറുന്നതെങ്കിലും നിരാശയിലാണ് താരമെന്നാണ് ജയിലിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. ആലുവ സബ് ജയിലിലെ 523-ാം നമ്പർ തടവുകാരനാണ് ഇപ്പോൾ നടൻ ദിലീപ്. മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ട 5 റിമാൻഡ് പ്രതികൾക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്. റിമാൻഡ് പ്രതിയായതിനാൽ സാധാരണ വസ്ത്രമാണ് ദിലീപ് ധരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കൾ അല്ലാതെ മറ്റാർക്കും ദിലീപിനെ ഇന്ന് സന്ദർശിക്കാൻ സാധിക്കില്ല. ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 7.30 നു ശേഷമാണ് ദിലീപിനെ ജയിലിൽ എത്തിച്ചത്. നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി ജനപ്രിയ നടനെ ജയിലേക്ക് പ്രവേശിപ്പിച്ചു. ഇതിനിടയിൽ ജനങ്ങൾ വെൽക്കം ടു സെൻട്രൽ ജയിൽ എന്നു കൂകി വിളിക്കുന്നുണ്ടായിരുന്നു. ജയിലിൽ ദിലീപിന് പ്രത്യേക സെൽ നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുറത്തെ രഹസ്യകേന്ദ്രത്തിൽവച്ച് ചോദ്യം ചെയ്തതിനുശേഷം രാത്രി 7.20 നാണ് ദിലീപിനെ കാറിൽ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്. കാറിൽ പിൻസീറ്റിൽ ഇടതു വശത്താണ് ദിലീപ് ഇരുന്നത്. ചാനൽ ക്യാമറകളിൽനിന്നു മുഖം മറയ്ക്കാൻ ദിലീപ് ഇടതുകൈ വാതിൽച്ചില്ലിന്റെ ഭാഗത്തു പിടിച്ചിരുന്നു. പുറത്ത് തന്നെ കാണുന്നവർക്ക് അങ്ങനെ തോന്നാതിരിക്കാൻ വേണ്ടി ഇടയ്ക്കു ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.