ദുബായ്: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ദുബായിൽ എത്തി. അമ്മയോടൊപ്പമാണ് ദിലീപ് ദുബായിൽ എത്തിയത്. ദിലീപിനെ നിരീക്ഷിക്കാൻ കേരളാ പൊലീസിന്റെ ഒരു സംഘം ദുബായിലെത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
ദേ പുട്ട് എന്ന തന്റെ റസ്റ്റോറന്റിന്റെ ശാഖാ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് ദുബായിലെത്തിയത്. എന്നാല്‍ ഉദ്ഘാടനവുമായ ബന്ധപ്പെട്ട് ഇന്ന് നടന്ന ചടങ്ങുകളില്‍ നിന്ന് ദിലീപ് വിട്ടുനിന്നു. അമ്മയോടൊപ്പം രാവിലെ കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച ദിലീപ് യു.എ.ഇ സമയം ഉച്ചക്ക് 12.45 നാണ് ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയത്.
നാളെ നടക്കുന്ന ഔപചാരിക ഉദ്ഘാടനത്തില്‍ ദിലീപ് പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്ന് നടന്ന ചടങ്ങുകളിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നെങ്കിലും സംവിധായകന് നാദിര്‍ഷയാണ് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. നാളത്തെ ചടങ്ങിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിട്ടുമില്ല. ജാമ്യവ്യവസ്ഥ പ്രകാരം ആറ് ദിവസത്തേക്കാണ് ദീലീപിന് പാസ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. ഇതനുസരിച്ച് നാലുദിവസം വിദേശത്ത് തങ്ങാം. നാളെ ചടങ്ങില്‍ പങ്കെടുത്ത് മറ്റന്നാള്‍ ദിലീപ് നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന.
കടപ്പാട്: മീഡിയാ വൺ
നാലുദിവസം വിദേശത്ത് തങ്ങാനായി ആറുദിവസത്തേക്ക് പാസ്പോർട്ട് വിട്ടുനൽകാൻ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമാണ് ദിലീപ് ദുബൈയിലെത്തിയത്. കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്പോർട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണ് പൊലീസ് കാണുന്നത്.