ആലുവ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപ് ഇന്ന് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്ക്. പളളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. രാവിലെ 6.45 മുതൽ 8 വരെ ദിലീപ് പളളിയിലെ ആരാധന ചടങ്ങുകളിൽ പങ്കെടുത്തു.

പളളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി സ്ഥാപിച്ചിട്ടുളള തിരു സ്വരൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർഥിച്ചശേഷമാണ് പളളിക്ക് അകത്തേക്ക് ദിലീപ് പോയത്. കുർബാനയിൽ മുഴുവൻ പങ്കെടുത്തശേഷം പളളി ഓഫീസിലെത്തി കുർബാനയ്ക്കും നൊവേനയ്ക്കുമുളള പണം അടച്ചു. അതിനുശേഷം പളളി വികാരിയെ കണ്ട് അനുഗ്രഹം വാങ്ങി. സുഹൃത്തുക്കൾക്കൊപ്പമാണ് ദിലീപ് പളളിയിൽ എത്തിയത്.

(കടപ്പാട്: മാതൃഭൂമി)

ഇന്നലെ കൊട്ടാരക്കടവിലെ പത്മസരോവരം വീട്ടിൽ ദിലീപ് വിശ്രമത്തിലായിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുമെന്നും അഭിഭാഷകരെ സന്ദർശിക്കുമെന്നും സൂചന ഉണ്ടായിരുന്നുവെങ്കിലും മുഴുവൻ സമയവും വീട്ടിൽതന്നെ ചെലവഴിച്ചു. വരു ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ആരാധനാലയങ്ങൾ സന്ദർശിക്കുമെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ചയാണ് ദിലീപിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, രണ്ട് ആൾ ജാമ്യവും നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ