കൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നരകോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. സംഭവത്തിനുശേഷം പൊലീസ് പിടികൂടിയാൽ മൂന്നു കോടി നൽകാമെന്നും ദിലീപ് പറഞ്ഞു. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്നും പൾസർ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. സഹതടവുകാരൻ വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.

ക്വട്ടേഷൻ തുക വാങ്ങിയശേഷം രക്ഷപ്പെടാനായിരുന്നു സുനിയുടെ പദ്ധതി. എന്നാൽ കൂട്ടുപ്രതി സമ്മതിക്കാത്തതിനാൽ കോടതിയിൽ കീഴടങ്ങാൻ എത്തുകയായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കാവ്യയുടെ ഡ്രൈവർ സാഷ്കിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പൾസർ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തി എന്നു മൊഴി നൽകിയ ആളെയാണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതോടെ വിധി പറയാൻ മാറ്റി. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.

ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായിരുന്നു. ദിലീപിനെ വിചാരണത്തടവുകാരനാക്കാനാണ് ശ്രമമെന്ന് അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിൽ ദിലീപിന് പങ്കില്ല. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയിൽ പോലും കൃത്യമായ അന്വേഷണം നടന്നില്ല. പൾസർ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണ്. അന്വേഷണ വിവരങ്ങൾ തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു.

ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണ്. അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ദിലീപിന് സ്വാഭാവിക ജാമ്യം അനുദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഒന്നര മണിക്കൂർ സമയമാണ് വാദത്തിനായി ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി അനുവദിച്ചത്.

മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയതെന്നുമാണ് മൂന്നാം വട്ടം ജാമ്യത്തിനായി സമീപിച്ചപ്പോൾ ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ