കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് കാറിൽ വച്ച് ദിലീപ് 10,000 രൂപ അഡ്വാൻസ് കൈമാറി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അഥിയിച്ചു. ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവിലാണെന്നും കേസിൽ ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ദിലീപിന്റെ ജാമ്യ ഹർജിയിൽ നടന്ന വാദത്തിൽ അറിയിച്ചു.

ഗൂഢാലോചനക്കേസിൽ ദിലീപിനെ 23 മണിക്കൂർ ചോദ്യം ചെയ്തതിൽ അപാകതയില്ല. പല കേസുകളിലും ദിവസങ്ങളും മാസങ്ങളും ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. സുനിൽകുമാറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം ശരിയല്ല. ദിലീപ് സുനിൽകുമാറിനെ നാലു തവണ കാണുകയും പലതവണ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.

സുപ്രധാന തെളിവായ ദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണും യഥാർഥ മെമ്മറി കാർഡും കണ്ടെത്തിയില്ല. ദൃശ്യങ്ങളുടെ പകർപ്പ് എടുത്ത മെമ്മറി കാർഡ് മാത്രമാണു കിട്ടിയത്. തൃശൂരിൽ ഷൂട്ടിങ്ങിനിടെ കാരവനു പിന്നിൽ ദിലീപ് പ്രതി സുനിൽകുമാറുമായി സംസാരിച്ചെന്ന വാദം തെറ്റാണെന്നും ഷൂട്ടിങ് ലൊക്കേഷനുകളിൽ താരങ്ങളെ പൊതുജനങ്ങളിൽനിന്ന് അകറ്റിയാണു നിർത്തുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കാരവൻ അകലെ മാറ്റിനിർത്താറില്ലെന്നു പ്രോസിക്യൂഷൻ മറുപടി നൽകി. ദിലീപിന്റെ ആദ്യവിവാഹ ബന്ധം തകർന്നതിനു പിന്നിലെ വൈരാഗ്യം നിമിത്തമാണു നടിക്കെതിരെ ക്വട്ടേഷൻ നൽകിയത്.

കേസിൽ ഗൂഢാലോചനക്കുറ്റത്തിനു അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിധി പറയാനാണ് മാറ്റിയത്. പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല. സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദങ്ങൾ നിരത്തി. അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാൻ ദിലീപ് തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ