കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നടൻ ദിലീപ് പരാതി നൽകി. ഡിജിപി ലോക്‌നാഥ് ബെഹ്റയ്‌ക്കാണ് ദിലീപ് രേഖാ മൂലം പരാതി നൽകിയത്.

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെയും തന്റെ പേര് ഈ സംഭവത്തിലേക്ക് കൊണ്ടു വന്നവർക്കെതിരെയുമാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്.

നടി ആക്രമണത്തിനിരയായ കേസുമായി ബന്ധപ്പെട്ട് നടനെ ചോദ്യം ചെയ്തെന്നും ഇതു ദിലീപാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. ആലുവയിലെ നടന്റെ വീട്ടിൽ മഫ്തി വേഷത്തിലെത്തിയണ് അന്വേഷണ സംഘം ചോദ്യം ചെയ്തതെന്നും വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെ ആ നടൻ താനല്ലെന്നും തന്റെ പേരിൽ ഇല്ലാക്കഥകൾ പടച്ചുവിടുകയാണെന്നും പറഞ്ഞ് ദിലീപ് രംഗത്തെത്തിയിരുന്നു.

എന്റെ വീട്ടിൽ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവിൽ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാർത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാർത്ത പടച്ചു വിട്ടവരാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഃഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണെന്നും ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.