കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് മൂന്നാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചു. അങ്കമാലിയിലെ ജുഡീഷ്യൽ കോടതിയിലാണ് നടന്റെ മൂന്നാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. രണ്ട് വട്ടം ഹൈക്കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നതിനുശേഷം ഹർജി നൽകിയാൽ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകർ ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് ഹൈക്കോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് ജാമ്യത്തിൽ പുറത്തിറങ്ങുകയാണ് ദിലീപിന്റെ ശ്രമം. ദിലീപ് ഉന്നത ബന്ധങ്ങളവും പണവും ആരെയും സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിയാണെന്നതിനാലാണ് കേസിൽ നേരത്തേ ജാമ്യം നിഷേധിച്ചത്.

നാദിർഷ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്നലെ കോടതി 18നു വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെ നാദിർഷായുടെ അറസ്റ്റ് ഉണ്ടാവില്ല. നാദിർഷാ നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്ന തരത്തിൽ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിയുള്ളതായി ആരോപിച്ചാണു നാദിർഷാ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം കേസന്വേഷണം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ ഇന്നലെ കേരള ഹൈക്കോടതിയെ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ