കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്നും കുടുക്കിയതിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ബി.സന്ധ്യയ്ക്കും പങ്കുണ്ടെന്നും ദിലീപ് കത്തിൽ പറയുന്നു. ദിലീപിന്റെ കത്ത് ആഭ്യന്തര വകുപ്പ് പരിശോധിച്ചുവരുന്നതായാണ് സൂചന.

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ദിലീപ് ജയിലിൽനിന്നും ജാമ്യത്തിൽ ഇറങ്ങുന്നത്. ഒക്ടോബർ  18 നാണ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്. ഫെബ്രുവരി 27 നാണ് ബ്ലാക്മെയിൽ ചെയ്യുന്നതായി ഡിജിപിക്ക് ആദ്യം പരാതി നൽകിയത്. പിന്നീട് ഇതേ കാര്യം സൂചിപ്പിച്ച് ഏപ്രിൽ 20 ന് രണ്ടാമത്തെ പരാതി നൽകി.
മാത്രമല്ല ബ്ലാക്മെയിൽ ചെയ്തുകൊണ്ട് ലഭിച്ച ഫോൺകോളിന്റെ ശബ്ദരേഖകളും ഡിജിപിക്ക് നൽകി. ഈ പരാതികളിൽ ഒരന്വേഷണം നടക്കുകയോ ഫോൺരേഖ പരിശോധിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് കത്തിൽ പറയുന്നു.

പരാതി നൽകിയിട്ടും അതിൽ അന്വേഷണം നടത്താതെ വ്യാജ തെളിവുണ്ടാക്കി തന്നെ പ്രതിയാക്കാനുളള നീക്കമാണ് നടന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്റയും ബി.സന്ധ്യയും തനിക്കെതിരെ സ്വീകരിച്ചത് നീതീകരിക്കാനാവാത്ത നിലപാടാണ്. അതിനാൽതന്നെ സത്യം പുറത്തുവരണം. അതിന് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മുഴുവൻ മാറ്റണം. ഒന്നുകിൽ സിബിഐ അന്വേഷിക്കണം അല്ലെങ്കിൽ പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കണം. അതിൽ ഇപ്പോഴത്തെ അന്വേഷണ സംഘത്തിലെ ആരെങ്കിലുമോ ലോക്നാഥ് ബെഹ്റയോ ബി.സന്ധ്യയോ ഉണ്ടാകാൻ പാടില്ലെന്നും ദിലീപ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ