കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭൂമി കൈയ്യേറ്റങ്ങൾ ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള കരുമാല്ലൂർ, ചാലക്കുടിയിലെ ഡി സിനിമാസ് എന്നിവയുടെ ഭൂമിയാണ് അളക്കുക.

കരുമാല്ലൂരിൽ പുഴയോരത്ത് രണ്ടരയേക്കർ ഭൂമിയാണ് ദിലീപിനുള്ളത്. ഇതിൽ 30 സെന്റോളം സർക്കാർ പുറമ്പോക്കാണെന്നാണ് ദിലീപിന് എതിരായി ഉയർന്ന പരാതി. ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടെയും പേരിലാണ് ഈ ഭൂമി. കരുമാല്ലൂർ പഞ്ചായത്താണ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ഭൂമി കൈയ്യേറ്റത്തെ കുറിച്ച് പരാതി നൽകിയത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. പരാതി ഉയർന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് ജില്ല കളക്ടറോട് പ്രാഥമികാന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ ആർ.കൗശിക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ പരിശോധന നടക്കുക.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം ദിലീപ് കൈയ്യേറിയെന്നാണ് പരാതി. 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് ഈ ഭൂമി സ്വന്തം പേരിലാക്കി. ഇ​തി​നാ​യി 2014ല്‍ ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. അഞ്ച് ലക്ഷം രൂപ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് ദിലീപ് സംഭാവനയായി നല്‍കിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. കൂടാതെ 20 ലക്ഷം രൂപയാണ് ദിലീപ് കൈക്കൂലി നല്‍കിയതെന്നും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ