scorecardresearch

Latest News

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ്

ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാവാൻ അന്വേഷണ സംഘം ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു

Actress Attack Case, Dileep, Crime Branch

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘം ദിലീപിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്ന് സംസ്ഥാനത്തിന് പുറത്തേക്ക് മുൻ നിശ്ചയിച്ച പ്രകാരം ഒരു യാത്രയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് തിങ്കളാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ദിലീപിന് നോട്ടീസ് അയച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച (മാർച്ച് 29) പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയിരുന്നു. അതാണ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും രേഖകളും ദിലീപും കൂട്ടാളികളും നശിപ്പിച്ചെന്നും രേഖകൾ നശിപ്പിച്ച ശേഷമാണ് കോടതിക്ക് ഫോണുകൾ കൈമാറിയതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ഫോണിലെ രേഖകൾ നശിപ്പിച്ച ഐടി വിദഗ്ധൻ സായ് ശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയും പൊലീസ് പീഡന ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണെന്നും അന്വേഷണ ഉദ്യാഗസ്ഥൻ ബൈജു പൗലോസ് മുൻ വൈരാഗ്യം മൂലം കേസിൽ പെടുത്തുകയാണെന്നുമാണ് സായ് ശങ്കറിൻ്റെ പരാതി.

നോട്ടീസ് നൽകിയ പ്രതിയെ ചോദ്യം ചെയ്യാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു. സായ്കുമാർ ഭാര്യയുടെ ലാപ്ടോപ്പ് ഉപയോഗിച്ച് ദിലീപിൻ്റെ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് ഭാര്യയെ ഭിഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.

Also Read: ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം: സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dileep conspirancy case plea kerala high court