scorecardresearch

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം: സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

സായ് ശങ്കര്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Actress Attack Case, Dileep, Crime branch

കൊച്ചി: നടിയെ ആക്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതായും അന്വേഷണ ഉദ്യാഗസ്ഥന്‍ ബൈജു പൗലോസ് മുന്‍ വൈരാഗ്യം മൂലം കേസില്‍ പെടുത്തുകയാണന്നും ആരോപിച്ചുള്ള സായ് ശങ്കറിന്റെ പൊലീസ് പീഡന ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്.

പൊലീസിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി. നോട്ടീസ് നല്‍കിയേ സായ് ശങ്കറിനെ ചോദ്യം ചെയ്യാവൂയെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതിനിടെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസ് ചൊവ്വാഴ്ച പരിഗണിച്ചേക്കും.

സായ്കുമാര്‍ ഭാര്യയുടെ ഐമാക് കമ്പ്യൂട്ടർ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭാര്യ എസ്സയുടെ ഐഡി ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടറിൽ സായ് ശങ്കർ ലോഗിൻ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Also Read: പോക്സോ കേസ്: റോയ് വയലാട്ടിനും സെജു തങ്കച്ചനും ജാമ്യം

സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം സായ് ശങ്കറിനു നോട്ടിസ് നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിൽ കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ 10 ദിവസത്തെ സാവകാശം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടത്. എന്നാൽ കോവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് കമ്പ്യൂട്ടർ പിടിച്ചെടുക്കുകയും എസ്സയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ജനുവരി 30നാണു നശിപ്പിച്ചതെന്നും തലേദിവസം സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയതായുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിൽ. 29-ന് ആഡംബര ഹോട്ടലില്‍ മുറിയെടുത്ത സായ് ശങ്കർ 31 വരെ ഇവിടെ താമസിച്ചതായം ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ ബില്ലുകളടക്കമുള്ള തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനു ദിലീപിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാകാൻ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ വ്യവസായി മിൻഹാജാണ് അവിടെ പരാതി നൽകിയത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ കൈപ്പറ്റിയെന്നും മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ സായ് ശങ്കര്‍ വീഡിയോ കോൾ വഴിയും നേരിട്ടും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. സായ് ശങ്കറിന് തോക്ക് ലൈസൻസ് ഇല്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dileep conspiracy case it expert sai sankar anticipatory bail plea kerala high court