കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിലെ ഏഴാം പ്രതി സായ് ശങ്കർ അറസ്റ്റിൽ. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പടുത്തിയത്. നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം സായ് ശങ്കറിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാതെ, പത്ത് ദിവസം കൂടി സമയം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷവും ഹാജരാകാതെ വന്നതോടെയാണ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ മുൻകൂർ ജാമ്യഹർജിയുമായി സായ് ശങ്കർ കോടതിയെ സമീപിച്ചെങ്കിലും പ്രതി ചേർക്കാത്തതിനാൽ ഹർജി തീർപ്പാക്കിയിരുന്നു.
പിന്നീട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതായും അന്വേഷണ ഉദ്യാഗസ്ഥന് ബൈജു പൗലോസ് മുന്‍ വൈരാഗ്യം മൂലം കേസില്‍ പെടുത്തുകയാണെന്നും ആരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതി നിർദേശം. ഇതിനു പിന്നാലെയാണ് സായ് ശങ്കറിനെ പ്രതിയാക്കി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
സായ് ശങ്കറിന്റെ കമ്പ്യൂട്ടറില്‍നിന്ന് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചതിന്റെ തെളിവുകള്‍ ക്രൈംബാഞ്ച്രിനു ലഭിച്ചിരുന്നു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് കമ്പ്യൂട്ടർ പിടിച്ചെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Also Read: ‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്