കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. മൂന്ന് മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ചേർന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാൻ തീരുമാനമായത് എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മഞ്ജുവിനെ മൊഴിയെടുത്തിരുന്നു.
ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ഓഡിയോ സന്ദേശങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് അന്വേഷണസംഘം ചോദിച്ചറിഞ്ഞു എന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഗൂഢാലോചനാ ആരോപണം സംശയകരമാണെങ്കിൽ പോലും എഫ്ഐആർ നിലനിൽക്കുന്നിടത്തോളം സംശയത്തിന്റെ ആനുകൂല്യം അന്വേഷണ ഏജൻസിക്ക് അനുകൂലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ല. അന്വേഷണത്തിലൂടെയേ തെളിവുകൾ കണ്ടെത്താനാവൂ. അപൂർവ്വങ്ങളിൽ അപൂർവമായ കേസിലെ എഫ്ഐആർ റദ്ദാക്കാനാവൂ. ഈ കേസ് അങ്ങനെ ഒന്നല്ല. തനിക്കെതിരെയുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണന്ന ആരോപണം തെളിയിക്കാൻ പ്രതി വസ്തുതകളോ, രേഖകളോ ഹാജരാക്കിയിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിരസിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിലാണ് ബാലചന്ദ്രകുമാർ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന ദിലീപിന്റെ പരാതിക്ക് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ അന്വേഷണ ഏജൻസിക്ക് ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ, ഗൂഢോദ്ദേശ്യമോ ഉള്ളതായി കാണുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.
Also Read: ദിലീപിന് തിരിച്ചടി, വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി