ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതനായ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി നീട്ടി. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന് അറിഞ്ഞ ശേഷമായിരിക്കും കോടതി കേസില്‍ വിധി പറയുക.
Read More: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന് കോടതി ഉത്തരവ്
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ മറുപടി അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Read More: “മെമ്മറി കാർഡിൽ സ്ത്രീശബ്ദം”, പുതിയ വാദവുമായി നടൻ ദിലീപ്
മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.
Read More: കാവ്യയുടെ ‘ലക്ഷ്യ’യിൽ പൊലീസ് എത്തിയത് മെമ്മറി കാർഡ് തേടിയെന്ന് സൂചന
ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്കിയാല് ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.