കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ സഹതടവുകാരനായ നിയമവിദ്യാർഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നൽകിയെന്ന് റിപ്പോർട്ട്. കത്തെഴുതി നൽകിയാൽ പുറത്തുളളവർ ജാമ്യം എടുത്തു നൽകുമെന്ന് സുനിൽ വിദ്യാർഥിയോട് പറഞ്ഞതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കേസ് നടത്തിപ്പിനായി സാമ്പത്തിക സഹായം അഭ്യർഥിച്ചാണ് ദിലീപിനു കത്ത് എഴുതിയതെന്ന് സുനി അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.
അതിനിടെ, നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ മാനേജരെയും നാദിർഷായെയും വിളിക്കാനുളള മൊബൈൽ സുനിൽ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും റിപ്പോർട്ട്. പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് സഹതടവുകാരൻ സനലാണ്. ഓരോ തവണയും ഫോൺ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയൽ പെടാതിരിക്കാൻ ടോയ്ലറ്റിന്റെ തറയിൽ കിടന്നാണ് ഫോൺ വിളിച്ചതെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ മാനേജരെയും നാദിർഷായെയും ഫോണിൽ വിളിച്ചതു സഹതടവുകാരനായ വിഷ്ണുവിന്റെ സഹായത്തോടെ സുനി തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിഷ്ണു ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂവിനുള്ളിൽ ഒളിപ്പിച്ചു നൽകിയ മൊബൈൽ ഫോണാണു സുനി ഉപയോഗിച്ചത്. സിം എടുത്തതു തമിഴ്നാട്ടിൽനിന്നാണ്. മൊബൈൽ ഫോണും സിം കാർഡും പൊലീസ് കണ്ടെത്തിയിരുന്നു.