കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിനു അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല. സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദങ്ങൾ നിരത്തി. അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാൻ ദിലീപ് തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം, നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.∙ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ട്. പൾസർ സുനി നാലുതവണ ദിലീപിനെ കണ്ടുവെന്നും ഫോണിലും ബന്ധപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. സുനി ജയിലിൽനിന്ന് വിളിക്കുമ്പോൾ ദിലീപും മാനേജർ അപ്പുണ്ണിയും ഒരേ ടവർ പരിധിയിലായിരുന്നു. ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യണം. ഇതിനായി കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പൾസർ സുനി ദിലീപിനയച്ച കത്ത് പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.

Read More : ദിലീപിന് ജാമ്യം ലഭിക്കാൻ വഴിപാടുമായി അനിയൻ ‘ജഡ്ജിഅമ്മാവന്റെ’ നടയിൽ; വീഡിയോ

അതിനിടെ, ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ഹൈക്കോടതി വിമർശിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ടുളള പരാമർശം നേരത്തെയായിപ്പോയെന്ന് ഹൈക്കോടതി വിമർശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്കർക്കുളള സന്ദേശമാണെന്നും സമാന കുറ്റകൃത്യം ചെയ്യുന്നവർക്കുളള താക്കീതാണെന്നുമായിരുന്നു അങ്കമാലി കോടതിയുടെ പരാമർശം.

ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പഗിഗണിച്ചുവെങ്കിലും കേസിനെപ്പറ്റി പഠിക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ദിലീപിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇത് നിരസിക്കുകയായിരുന്നു.

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാൽ ദിലീപ് അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

Read More : ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുളളപോലെ’; രാമലീലയിൽ കണ്ണുനിറഞ്ഞ് ദിലീപ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ