ആലുവ: അച്ഛന്റെ ശ്രാദ്ധചടങ്ങുകൾക്കായി ആലുവയിലെ വീടായ പദ്മസരോവരത്തിലേക്ക് കൊണ്ടുപോയ നടൻ ദിലീപിനെ തിരിച്ച് ജയിലിലെത്തിച്ചു. കോടതി നിർദ്ദേശിച്ച കൃത്യ സമയത്തിനും അഞ്ച് മിനിറ്റ് മുൻപ് ദിലീപ് ജയിലിൽ തിരിച്ച് പ്രവേശിച്ചു. രാവിലെ എട്ടു മണിക്കാണ് ദിലീപിനെ ആലുവ സബ്ജയിലിനു പുറത്തെത്തിച്ചത്. ഇവിടെ നിന്ന് കനത്ത പോലീസ് വാഹനത്തിൽ ദിലീപിനെ ആലുവയിലെ വീട്ടിൽ എത്തിച്ചു. അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന് മുന്നിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് കയറ്റി. തുടർന്ന്, നീല ജീൻസും വെള്ള ഷർട്ടും ധരിച്ച ദിലീപ് ജീപ്പിൽ നിന്ന് ഇറങ്ങി. താടി വളർന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉടൻ തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് പാന്റ്സ് അഴിച്ച ശേഷം മുണ്ട് ധരിച്ചു. ഷർട്ട് ഊരി തോർത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിർദ്ദേശപ്രകാരം കർമങ്ങൾ ചെയ്യാൻ ആരംഭിച്ചു. ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പൊലീസ് അനുവദിച്ചത്. സഹോദരൻ അനുപ്,​ സഹോദരി സബിത,​ ദിലീപിന്റെ മകൾ മീനാക്ഷി എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളെ കാണരുതെന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കരുതെന്നും കോടതി നിർ‌ദേശിച്ചിരുന്നു. നടന്‍റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല.

റിമാ‍ൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ആലുവ മണപ്പുറത്തും ഇന്നലെ രഹസ്യ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ