മലയാളത്തിന്റെ ജനപ്രിയ നടൻ, ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ. 1968 ഒക്ടോബർ 27ന് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ, ആലുവ യു.സി. കോളജ് , എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. ഒരു കരിയര്‍ എന്ന നിലയില്‍ ദിലീപിന്റെ മിമിക്രി ജീവിതം ആരംഭിക്കുന്നത് കലാഭവനില്‍ നിന്നായിരുന്നു. കലാഭവനിലേക്ക് ദിലീപിനെ കൈ പിടിച്ചു കയറ്റിയത് സുഹൃത്ത് നാദിര്‍ഷയായിരുന്നു. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയേറെ പ്രശംസ പിടിച്ചു പറ്റി. നൂറിലധികം ചിത്രങ്ങളിലാണ് ജനപ്രിയ നടൻ അഭിനയിച്ചത്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. 2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1991ല്‍ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തില്‍ കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

കരിയറിനേക്കാൾ ഒരു പക്ഷേ ഈ അടുത്തായി ദിലീപിന്റെ സ്വകാര്യ ജീവിതമായിരിക്കും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാവുക. 1998ലാണ് കേരളത്തിലെ മുൻ നിര നായികയായിരുന്ന മഞ്ജു വാര്യറെ ദിലീപ് വിവാഹം കഴിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താര ദന്പതികളായി ഇവർ തിളങ്ങി. വാർത്തകളിലും ജീവിതത്തിലും. എന്നാൽ 2014 ഈ ബന്ധത്തിന് വിളളൽ വീണു. 2015 ജനുവരിയിൽ ഇവർ ഔദ്യോഗികമായി വിവാഹ ബന്ധം വേർപ്പെടുത്തി.

കാവ്യാമാധവനുമായുള്ള ബന്ധമാണ് ദിലീപ്-മഞ്ജു ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016 നവംബറിൽ കാവ്യാമാധവനെ തന്നെ ദിലീപ് വിവാഹം കഴിച്ചു. ഇപ്പോൾ യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങളിലെ പാകപ്പിഴകൾ തന്നെയാണ് കുടുംബനായകനെ ജയിലിലേക്കും നയിക്കുന്നതെന്ന് പറയാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ