കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കേരളചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ക്വട്ടേഷൻ ആക്രമണമാണ് യുവ നടിക്കെതിരെ ഫെബ്രുവരി 17ന് നടന്നത്.  എന്താണ് ഈ ക്വട്ടേഷന് പിന്നിലെന്നും ആരാണെന്നുമുളള അഭ്യൂഹങ്ങൾ പടർന്നു.  പല പേരുകൾ ഉയർന്നുപൊങ്ങി.  കേസിന്‍റെ തുടക്കം മുതൽ സിനിമയെ വെല്ലുന്ന വഴിത്തിരിവകളും സിനിമയിലെന്നപ്പോലെയുളള നീക്കങ്ങളുമാണ് സംഭവിച്ചത്. ക്വട്ടേഷൻ ആക്രമണം തന്നെ സിനിമയിൽ പോലും ആരും ചിത്രീകരിക്കാൻ ചിന്തിക്കാത്ത അത്രയും ക്രൂരമായിട്ടായിരുന്നു. ശേഷം അതിലെ പ്രതികളുടെ ഒളിവിൽപോക്കും അറസ്റ്റുമെല്ലാം കേരളത്തിലെ നിയമപരിപാലന രംഗത്തെ പുതിയ എടുകളായി.  പ്രമുഖ നടന്‍ ദിലീപ് ഈ കേസിൽ അറസ്റ്റിലാകുന്നതോടെ കേരളവും സിനിമാ ലോകവും ഒന്ന് കൂടി  ഞെട്ടി.

കേസിന്‍റെ ഘട്ടത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ വളരെ ഗൗരവമേറിയ ഒരു പ്രസ്താവന നടത്തിയിരുന്നു. ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയ എന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിനേക്കാൾ ശക്തമായ തെളിവുകൾ ഉണ്ടെന്നായിരുന്നു അന്നത്തെ വാദം. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്ന കാര്യമാണ് പൊലീസ് ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ അവതരിപ്പിച്ചത്.

actress attack case, dileep arrest

കേസിൽ അറസ്റ്റിലായ ശേഷം അഞ്ചു തവണയാണ് ദിലീപ് ജാമ്യാപേക്ഷ നൽകിയത്. ഇതിൽ അഞ്ചാം തവണയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. നാല് തവണ നടൻ ദിലീപ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷൻ സ്വീകരിച്ച കടുത്ത നിലപാട് ജാമ്യം ലഭിക്കുന്നതിന് തടസ്സമായി. ആദ്യം അങ്കമാലി കോടതിയും പിന്നീട് രണ്ടുവട്ടം കേരള ഹൈക്കോടതിയും നാലാം വട്ടം വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയുമാണ് ജാമ്യഹർജി തള്ളിയത്. അറുപത് ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യം പരിഗണിച്ച് സ്വാഭാവിക ജാമ്യം  ക്രിമിനൽ ഗൂഢാലോചനയാണ്  ദിലീപിന്‍റെ പേരിലുളള കേസ്.  ഭീതിജനകമായ ഒരു കാര്യം കൂടി ഈ കേസ് പുറത്തു കൊണ്ടു വരുന്നു; കേരളത്തിൽ ബലാത്സംഗം ചെയ്യാനും ക്വട്ടേഷൻ നൽകപ്പെടുന്നുവെന്ന്.  തുടക്കത്തിൽ സംസ്ഥാനമൊട്ടാകെ ഞെട്ടലോടെയാണ് നടി ആക്രമിക്കപ്പെട്ട വാർത്ത സ്വീകരിച്ചത്.  അന്ന് തൊട്ട് ഇന്ന് വരെ ഈ കേസുമായി ബന്ധപ്പെട്ട് മലയാള ചലച്ചിത്ര ലോകവും സിനിമാ പ്രേക്ഷകരും ഉൾപ്പടെ രണ്ട് തട്ടിലായി.

dileep arrest, actress attack case

 

മലയാളത്തിലെ ഒരു മുൻനിര നടി, കേരളത്തിലെ ഏറ്റവും വലിയ നഗരത്തിൽ വച്ച് ഈ വിധം ആക്രമിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നതല്ല.  ഉന്നതർക്ക് പങ്കുണ്ടെന്ന സംശയം ഉയർന്നുവന്നപ്പോഴും അങ്ങിനെയൊരാൾ പിടിയിലാകുമെന്ന തോന്നൽ ആർക്കുമുണ്ടായിരുന്നില്ല.  താരസംഘടനയായ അമ്മ ദിലീപിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.  എന്നാൽ അവർ പ്രതീക്ഷിക്കാത്ത വിധം, പിന്തുണ പ്രഖ്യാപിച്ച് അധിക ദിവസം കഴിയുന്നതിന് മുമ്പ്, ദിലീപ് അറസ്റ്റിലായി.  ഈ സംഭവത്തിന്‍റെ വെളിച്ചത്തിൽ ചലച്ചിത്ര രംഗത്തെ വനിതകൾ പുതിയ സംഘടനയുണ്ടാക്കി. അവരുടെ ആവശ്യങ്ങൾ ‘വുമൺ ഇൻ സിനിമ കളക്ടീവ്’ എന്ന സംഘടനയുടെ പേരിൽ മുഖ്യമന്ത്രിക്ക് മുന്നിൽ നൽകി.

women in collective, actress attack

വുമന്‍ ഇന്‍ സിനിമ കളക്റ്റിവ് പ്രവര്‍ത്തകര്‍

സംഭവം സംബന്ധിച്ച കേസിന്‍റെ നാൾ വഴി ഇങ്ങനെ

2017 ഫെബ്രുവരി 17 ന് ‘ഹണി ബീ 2’ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിനായാണ് നടി കൊച്ചിയിലേയ്ക്ക് വന്നത്.  അങ്കമാലി പിന്നിട്ട നടിയുടെ വാഹനത്തെ അത്താണിയിൽ വച്ചാണ് പൾസർ സുനിയും സംഘവും തടഞ്ഞുനിർത്തിയത്.  രണ്ട് മണിക്കൂറിലേറെ നടിയുമായി കൊച്ചിയിൽ കറങ്ങിയ സംഘം പാലാരിവട്ടത്താണ് ഇവരെ ഉപേക്ഷിച്ചത്. തൃശൂരിൽ നിന്ന് നടിയെ കൊച്ചിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഡ്രൈവർ മാർട്ടിനാണ് ഇവരെ സംവിധായകൻ ലാലിന്‍റെ വീട്ടിലെത്തിച്ചത്.  കാറിനകത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തിയെന്നും, ആക്രമണം ക്വട്ടേഷനാണെന്ന് സംഘം പറഞ്ഞുവെന്നും നടി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

നടിയെ തന്‍റെ വീട്ടിലാക്കിയ ശേഷം തിരികെ പോകാനൊരുങ്ങിയ മാർട്ടിനെ സംവിധായകൻ ലാലാണ് തടഞ്ഞുവച്ചത്.  പിന്നീട് ഇവിടേക്ക് തൃക്കാക്കര എംഎൽഎ പി.ടി.തോമസും നിർമാതാവ് ആന്റോ ജോസഫും എത്തി.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ആറു പേർക്കെതിരെയാണ് നടിയുടെ മൊഴി പ്രകാരം കേസ് എടുത്തത്.  ഇതിന് ശേഷം നടിയെ കളമശേരിയിലെ എറണാകുളം ഗവ.മെഡി. കോളേജിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.  പുലർച്ചെ ആറ് മണിയോടെയായിരുന്നു ഇത്.

മാർട്ടിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതോടെ ഫെബ്രുവരി 18 ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.  ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് സംഘാംഗങ്ങളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.  പൾസർ സുനിയുടെ നേതൃത്വത്തിൽ മാർട്ടിനടക്കം അഞ്ച് പേരാണ് ആക്രമിച്ചതെന്ന് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി.  പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനി സിനിമ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.  ഇയാൾക്കെതിരെ മോഷണക്കുറ്റമടക്കം 14ഓളം ക്രിമിനൽ കേസുകൾ നേരത്തേ തന്നെ ചുമത്തപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി.

Manju, Dileep

മന്‍ജു വാര്യര്‍, കമല്‍, സിബി മലയില്‍, ഇന്നസെന്റ്‌, മമ്മൂട്ടി എന്നിവര്‍

പ്രതികൾ കേരളം വിട്ടതായുള്ള സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംസ്ഥാനത്തിന് അകത്തും പുറത്തും വലവിരിച്ചു.  ഫെബ്രുവരി 19 ന് കോയമ്പത്തൂരിൽ വച്ച് അക്രമി സംഘത്തിലുൾപ്പെട്ട എറണാകുളം സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ പിടിയിലായി.

ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഒളിവിൽ പോയ പ്രതികൾ പിരിഞ്ഞതായി പൊലീസിന് സൂചന ലഭിച്ചു.  മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം എറണാകുളം ദർബാർ ഹാൾ മൈതാനത്ത് സിനിമ താരങ്ങൾ ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒത്തുകൂടിയത് ഈ ദിവസമാണ്.  ഇതിൽ നടൻ ദിലീപും നടിയ്ക്ക് എതിരെ നടന്ന ആക്രമണത്തെ അപലപിച്ചിരുന്നു.  ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് അന്വേഷിക്കണമെന്നും ദിലീപിന്‍റെ മുന്‍ ഭാര്യയും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ മഞ്ജു വാര്യർ പറഞ്ഞതോടെ ദിലീപിന് എതിരെ സംശയത്തിന്‍റെ മുനകൾ ഉയർന്നു.

ഫെബ്രുവരി 21 ന് പാലക്കാട് വച്ചാണ് സംഘത്തിലെ നാലാമൻ മണികണ്ഠൻ പിടിയിലായത്.  ഇതോടെ അവശേഷിച്ച രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.  കേസിലെ മുഖ്യപ്രതിയെന്ന് സംശയിച്ചിരുന്ന പൾസർ സുനി കീഴടങ്ങാനുള്ള സാധ്യത മുൻനിർത്തി എറണാകുളത്തെ കോടതി പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.  ഫെബ്രുവരി 23 ന് പൊലീസിന്‍റെ നിരീക്ഷണ വലയം ഭേദിച്ച് പൾസർ സുനിയും, കൂട്ടാളി വിജേഷും എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനെത്തി.

ഒറ്റനോട്ടത്തിൽ അഭിഭാഷകരെന്ന് തോന്നിപ്പിക്കും വിധം വെള്ള ഷർട്ടും കറുത്ത പാന്റുമാണ് പ്രതികൾ ധരിച്ചിരുന്നത്.  പൾസർ ബൈക്കിലെത്തിയ ഇരുവരും കോടതിയുടെ പുറകുവശത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ തിരക്കിനിടയിൽ കോടതി മുറിയിലേക്ക് കടന്നു.  എന്നാൽ ജഡ്ജി കോടതി മുറിയിൽ ഇല്ലായിരുന്നു.  വിവരം അറിഞ്ഞെത്തിയ പൊലീസ് കോടതി മുറിയിൽ നിന്ന് ബലമായി പിടിച്ചിറക്കി കസ്റ്റഡിയിലെടുത്തു.  ഇവരെ ഉടൻ തന്നെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

പള്‍സര്‍ സുനി അറസ്റ്റിലായപ്പോള്‍

ഫെബ്രുവരി 23ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം പൾസർ സുനിയെയും കൂട്ടാളി വിജേഷിനെയും പൊലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്.  പ്രതികൾ ഒളിവിൽ പോയ പ്രദേശങ്ങളിൽ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു.  നടി ആക്രമിക്കപ്പെട്ട സ്ഥലത്തും, ഇവരെ തട്ടിക്കൊണ്ടുപോയ വഴിയും പൊലീസ് തെളിവെടുപ്പ് രേഖപ്പെടുത്തി.

എന്നാൽ കേസന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം പോലും പൂർത്തിയാകും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വൻ വിവാദമായി.  നടിയ്ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.  മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന അന്വേഷണം ദുർബലപ്പെടുത്തുമെന്ന വാദവുമായി പ്രതിപക്ഷം ഒന്നടങ്കം മുന്നോട്ട് വന്നു.

ഈ ഘട്ടത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനി കേസിന് പുറകിൽ ഗൂഢാലോചന നടന്നതായി സമ്മതിച്ചിരുന്നില്ല.  പണത്തിന് വേണ്ടി താനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പൾസർ സുനി നൽകിയ മൊഴി.  ഈ മൊഴിയിൽ ഇയാൾ ഉറച്ചുനിന്നതോടെ പൊലീസിന് മറ്റ് വഴികളില്ലാതെയായി.

ദീർഘനാളത്തെ അന്വേഷണത്തിന് ഒടുവിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ഏപ്രിൽ 18 ന് കോടതിയിൽ സമർപ്പിച്ചു.  പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയ 375 പേജുള്ള കുറ്റപത്രത്തിൽ 185ഓളം സാക്ഷികളാണ് ഉള്ളത്.

ഇതോടെ ഈ കേസ് മാധ്യമശ്രദ്ധയിൽ നിന്ന് തൽക്കാലത്തേക്ക് മാറി.  പൊടുന്നനേയാണ് ജൂൺ അവസാനത്തോടെ കേസിൽ നിർണായക സംഭവങ്ങൾ പുറത്തുവന്നത്.  പൾസർ സുനി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹതടവുകാരനായ ജിൻസനോട് വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നു.  ഇതിന് പിന്നാലെ വിഷ്ണു എന്ന സഹതടവുകാരൻ വഴി പൾസർ സുനി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ച കാര്യവും പുറത്തുവന്നു.  ദിലീപിന് എഴുതിയതായി സംശയിക്കുന്ന പൾസർ സുനിയുടെ കത്ത് ഇതിനിടെയാണ് പുറത്തുവന്നത്.  നിയമ വിദ്യാർത്ഥിയായ തടവുകാരൻ വഴിയാണ് ഈ കത്ത് പൾസർ സുനി തയാറാക്കിയത്.

Actress abduction, നടിയെ തട്ടിക്കൊണ്ടുപോയ കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, pulsr Suni, പൾസർ സുനി, Actor Dileep, ദിലീപ്

പള്‍സര്‍ സുനി ദിലീപിന് അയച്ചതായി കരുതപ്പെടുന്ന കത്ത്

ഏപ്രിൽ പത്തിന് പൾസർ സുനിയും വിഷ്ണു എന്ന പേരായ മറ്റൊരാളും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടതായി നടൻ ദിലീപ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി.  അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.  ജൂൺ 28 നായിരുന്നു ഈ ചോദ്യം ചെയ്യൽ.  ദിലീപിനെയും നാദിർഷയെയും 13 മണിക്കൂറോളം ആലുവയിലെ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു.

സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.  പള്‍സര്‍ സുനി ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതും ഇതോടെയാണ്.  ഈ ഫോൺ വിളികളിൽ ദിലീപിന്‍റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് ജയിലിൽ നിന്ന് പ്രതി ദിലീപിന് കത്തയച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.‌  ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നും  സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽനിന്നു വ്യക്തമാകുന്നതായി പൊലീസ് പറയുന്നു.

ദിലീപിന്‍റെ ഭാര്യ കാവ്യ മാധവന്‍റെ ഉടമസ്ഥതതയിലുള്ള “ലക്ഷ്യ” എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പൾസർ സുനി പോയിരുന്നതായി കൂടി വെളിപ്പെടുത്തൽ വന്നു.  ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂര”ത്തിന്‍റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്‍റെ തെളിവുകളും ലഭിച്ചതോടെ കൂടുതല്‍ നടപടികളിലേക്കു പൊലീസ് കടക്കുകയായിരുന്നു.  ജയിലിലെ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്‍ നല്‍കിയ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.  ഇതിന് മുൻപ്, പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് നൽകിയ മൊഴിയാണ് ദിലീപിനെതിരെ തിരിഞ്ഞത്.  സാഹചര്യത്തെളിവുകളിൽ ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം തോന്നി.

pulsar suni, dileep, actress attack case

ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ പകര്‍ത്തിയ ദിലീപിന്‍റെ സെല്‍ഫി, പിന്നിലായി പള്‍സര്‍ സുനി

ജൂണ്‍ അവസാനം ടി.പി.സെൻകുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പുരോഗതി വിലയിരുത്തി.  ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ അനുമതി ലഭിച്ചു.  നടിയെ ഉപദ്രവിച്ച കേസിന്‍റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.  അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെ ജൂൺ 29 ന് കൊച്ചിയിൽ ചേർന്ന താര സംഘടനയായ അമ്മയുടെ വാർഷിക യോഗം നടൻ ദിലീപിന് പിന്നിൽ ഉറച്ചു നിന്നു.  ആക്രമിക്കപ്പെട്ട നടിക്കും നടൻ ദിലീപിനും ഒപ്പമാണ് ഞങ്ങളെന്ന് ഇവർ പ്രഖ്യാപിച്ചു.  രണ്ടുപേരും “അമ്മ”യുടെ മക്കളാണെന്നും അവകാശപ്പെട്ടു.  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എംഎൽഎമാരായ മുകേഷും, കെ.ബി.ഗണേഷ് കുമാറും കയർത്ത് സംസാരിച്ചു.  അമ്മ വാർഷിക ജനറൽ ബോഡിക്ക് പിന്നാലെയാണ് ദിലീപ്, സിനിമ വിതരണക്കാരുടെ പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു.

mukesh, amma meeting

അമ്മ ജനറല്‍ ബോഡി മീറ്റിംഗിനിടെ മാധ്യമങ്ങളോട് കയര്‍ക്കുന്ന മുകേഷ്

ജൂലൈ പത്തിനാണ് നടൻ ദിലീപിന്‍റെ അറസ്റ്റുണ്ടായത്.  ആലുവയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ദിലീപിനെ അത്താണിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യം ചെയ്തത്.  വൈകിട്ട് ആറ് മണിക്കാണ് ഈ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചത്.  ഉന്നതനും പ്രമുഖനുമായ വ്യക്തിയെ അറസ്റ്റ് ചെയ്തതിൽ രണ്ടഭിപ്രായം ഉയർന്നു.  ദിലീപിനെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയ കലാപഭൂമിയായി മാറി.

നടൻ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി താരസംഘടനയായ അമ്മ മുഖം രക്ഷിച്ചു.  നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു ഈ തീരുമാനം.  മോഹൻലാൽ, പൃഥ്വിരാജ്, ഇടവേള ബാബു, രമ്യ നമ്പീശൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ദിലീപിന് അമ്മയിലുണ്ടായിരുന്ന പ്രാഥമിക അംഗത്വം തന്നെ റദ്ദാക്കി.  ദിലീപ് രൂപീകരിച്ച വിതരണക്കാരുടെ സംഘടനയും സിനിമ നിർമ്മാതാക്കളുടെ സംഘടനയും തിയേറ്റർ ഉടമകളുടെ സംഘടനയുമെല്ലാം ദിലീപിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് വന്നു.

ദിലീപിനെ പുറത്താക്കിയ വിവരം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തുന്ന മമ്മൂട്ടി

ഇതിനിടെ തനിക്കനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാൻ ദിലീപ് ഓൺലൈൻ പത്രങ്ങൾ തുടങ്ങിയെന്നും ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ നൽകിയെന്നുമടക്കം ആരോപണം ഉയർന്നു.  ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും പക്ഷെ പുറത്തുവന്നില്ല.  ഒടുവിൽ ഒരു മാസമായി നീണ്ടു നിൽക്കുന്ന കസ്റ്റഡി കാലത്തിനിടെ ദിലീപിന്‍റെ സംസ്ഥാനത്താകമാനമുള്ള സ്വത്തുക്കൾ റവന്യു വകുപ്പ് കണ്ടെത്തി.  ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ സർക്കാർ ഭൂമി കൈയ്യേറിയെന്ന കണ്ടെത്തലിനെ തുടർന്ന് ചാലക്കുടി നഗരസഭ ഇത് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ദിലീപിന് അനുകൂല വിധി ലഭിച്ചു.

ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ നൽകി.  സുനിൽകുമാർ തന്നെ ഏൽപ്പിച്ച ഫോൺ നശിപ്പിച്ചതായി ഇദ്ദേഹവും ഇദ്ദേഹത്തിന്‍റെ ജൂനിയറായ അഭിഭാഷകനും മൊഴി നൽകി.

ഒരു മാസത്തിനിടെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകളിൽ അനുകൂല വിധി ലഭിക്കാതെ വന്നതോടെ അഡ്വ.രാംകുമാറിന് പകരം പ്രമുഖ ക്രിമിനൽ അഭിഭാഷകൻ രാമൻ പിള്ളയെ കേസ് ചുമതല ദിലീപ് ഏൽപ്പിച്ചു.

dileep, actress attack case

ഇതിനിടെയാണ് ദിലീപിന്‍റെ ഒന്നാം ഭാര്യ മഞ്ജു വാര്യരല്ലെന്ന വെളിപ്പെടുത്തൽ വരുന്നത്.  ബന്ധുവായ മറ്റൊരു സ്ത്രീയെയാണ്  ദിലീപ് ആദ്യം വിവാഹം കഴിച്ചതെന്നും വാർത്തകൾ പുറത്തുവന്നു.

ദിലീപ് അറസ്റ്റിലായതോടെ നാദിർഷയും അപ്പുണ്ണിയും പിടിയിലാകുമെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നിരുന്നു.  എന്നാൽ നാദിർഷയ്ക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്ന് പോലീസ്  അനൗദ്യോഗികമായി അറിയിച്ചു.  ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ച അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചു.  ജൂലൈ 28 ന് അപ്പുണ്ണി പൊലീസിന് മുന്നിൽ ഹാജരായി.  ഇതോടെ ദിലീപിന് ജാമ്യം ലഭിച്ചേക്കുമെന്ന് കരുതി. എന്നാൽ കോടതിയിൽ പ്രൊസിക്യൂഷൻ നിലപാടാണ് കോടതി അംഗീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ച ഏറ്റവും പ്രധാനപ്പെട്ട വാദത്തിനെതിരെ പ്രതിഭാഗം കോടതിയിൽ വാദിച്ചു എന്നതാണ് പുറത്തുവന്ന വിവരം.  പൾസർ സുനിയും സുഹൃത്ത് വിഷ്ണുവും ജയിലിൽ നിന്നും തന്നെ ബന്ധപ്പെട്ടുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചറിയിച്ചെന്ന ദിലീപിന്‍റെ വാദം തെറ്റാണെന്ന് പൊലീസ് വാദിച്ചു.  ഇങ്ങിനെയൊന്ന് നടന്നിട്ടില്ലെന്നും ജയിലിൽ നിന്ന് പൾസർ സുനി തന്നെ വിളിച്ചതായ കാര്യം ദിലീപ് മറച്ചുവെച്ചുവെന്നുമാണ് പ്രൊസിക്യൂഷൻ വാദിച്ചത്.  ഇതിനെതിരെ ശക്തമായാണ് ദിലീപിന്‍റെ അഭിഭാഷകൻ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്.

രണ്ടാം വട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതോടെ ദിലീപിന്റെ ഓണം ജയിലിലാകുമെന്ന് ഉറപ്പിച്ചു.

പിതാവിന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ രണ്ട് മണിക്കൂർ ജാമ്യം

രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതോടെ ദിലീപിന് ഓണക്കാലവും ജയിലിൽ തന്നെ കഴിയേണ്ടി വരുമെന്ന സൂചനയായി. ഇതോടെ സെപ്തംബർ രണ്ടിന് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. സെപ്തംബർ ആറിന് അച്ഛന്റെ ശ്രാദ്ധകർമ്മത്തിൽ പങ്കെടുക്കാൻ അനുമതി വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് രണ്ട് മണിക്കൂർ ജയിലിന് പുറത്ത് കടക്കാൻ അനുമതി നൽകി.

സെപ്തംബർ ആറിന് രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു ദിലീപിന് അനുമതി.

ഇതോടെ സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ദിലീപിനെ സന്ദർശിക്കാനായി ജയിലിലെത്തിയത്. സെപ്തംബർ മൂന്നിന് ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ജോർജ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത് എന്നിവരാണ് ദിലീപിനെ സന്ദർശിച്ചത്.

പിന്നാലെ കെബി ഗണേഷ് കുമാർ എംഎൽഎ, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തുടങ്ങിയവരും എത്തി. ദിലീപിന് ഓണക്കോടിയുമായി തിരുവോണ നാളിലാണ് നടൻ ജയറാം ജയിലിലെത്തിയത്.

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനകൾ നൽകുന്നുവെന്ന ആക്ഷേപമുയർത്തി ആലുവ സ്വദേശി ടിജി ഗിരീഷ് സെപ്തംബർ അഞ്ചിനാണ് ജയിൽ ഡിജിപിയെ സമീപിച്ചത്. ജയിൽ സൂപ്രണ്ടിന്റെ എസി മുറിയിലാണ് പ്രഭാത ഭക്ഷണം മുതൽ രാത്രി വൈകുന്നത് വരെ ദിലീപ് കഴിയുന്നതെന്ന് പരാതിയിൽ ആരോപിച്ചു.

“അവധി ദിവസങ്ങളിൽ ജയിലിൽ സന്ദർശകരെ അനുവദിക്കാറില്ല. എന്നാൽ ദിലീപിനെ കാണാൻ സന്ദർശക പ്രവാഹമായിരുന്നു”, പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജയിൽ സൂപ്രണ്ട് പിപി ബാബുരാജ് പ്രതികരിച്ചു. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദർശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതൽ പേരെ അനുവദിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു.

സെപ്തംബർ ആറിന് രാവിലെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾക്കായി ദിലീപ് ആലുവയിലെ കുടുംബവീട്ടിലെത്തി. പൊലീസിന്റെ ആവശ്യപ്രകാരം ആലുവ മണപ്പുറത്തെ ചടങ്ങുകളിൽ താരം പങ്കെടുത്തില്ല. ഒന്നര മണിക്കൂർ കുടുംബത്തിനൊപ്പം ചിലവഴിച്ച ദിലീപിനെ രാവിലെ പത്ത് മണിക്ക് മുൻപ് തന്നെ ജയിലിൽ തിരികെയെത്തിച്ചു.

സെപ്തംബർ ഏഴിനാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം നടത്തിയത്. ഇതോടെ മുൻകൂർ ജാമ്യഹർജിയുമായി നാദിർഷ ഹൈക്കോടതിയെ സമീപിച്ചു.

“പ്രൊസിക്യൂഷന് അനുകൂല മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന് അന്വേഷണ സംഘത്തിന്റെ ഭീഷണി”യുണ്ടെന്നാണ് നാദിർഷ മുൻകൂർ ജാമ്യഹർജിയിൽ ആരോപിച്ചത്. സെപ്തംബർ ആറിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നാദിർഷയ്ക്ക് പൊലീസ് നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാദിർഷ ആശുപത്രിയിൽ ചികിത്സ തേടി.

നാദിർഷയെ ചോദ്യം ചെയ്യാതെ പറ്റില്ലെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും എറണാകുളം റൂറൽ എസ്‌പി ഇതിനോട് പ്രതികരിച്ചു.

ഇതിനിടെ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന നൽകുന്നുവെന്ന പരാതി വ്യാജമാണെന്ന ആരോപണം ഉയർന്നു. ഇതിനെതിരെ സെപ്തംബർ ഏഴിന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി വിജി രവീന്ദ്രനാഥ് അന്വേഷണം തുടങ്ങി.

പുറയാർ തച്ചങ്കാട്ടിൽ ടിജെ ഗിരീഷ്കുമാറിന്റെ പേരിൽ നൽകിയ പരാതി വ്യാജമാണെന്ന് ഗിരീഷ്കുമാറാണ് പരാതിപ്പെട്ടത്. തന്റെ വിലാസവും വ്യാജ ഒപ്പും ചെറിയച്ഛന്റെ ഫോൺ നമ്പറുമാണ് പരാതിയിൽ രേഖപ്പെടുത്തിയതെന്ന് ഇദ്ദേഹം പൊലീസിനോട് പരാതിപ്പെട്ടിരുന്നു.

അതേസമയം ജയിലിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് തോട്ടുമുഖം മഠത്തിപ്പറമ്പിൽ എംഎം ഗിരീഷ് മുഖ്യമന്ത്രിക്കും എറണാകുളം റൂറൽ എസ്‌പിക്കും പരാതി നൽകി.

സെപ്തംബർ എട്ടിന് നാദിർഷായുടെ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി ഇതിൽ വാദം കേൾക്കുന്നത് സെപ്തംബർ 13 ലേക്ക് മാറ്റി. സർക്കാരിന്റെ വാദം കേൾക്കാനാണ് 13 ലേക്ക് കേസ് മാറ്റിയത്. ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നവർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതും സെപ്തംബർ എട്ട് മുതലാണ്.

സംവിധായകൻ നാദിർഷ അടക്കമുള്ളവരെ ബന്ധപ്പെടാൻ ജയിലിൽ പൾസർ സുനിക്ക് സഹായം നൽകിയ എആർ ക്യാമ്പിലെ സിപിഒ അനീഷിനെ സെപ്തംബർ 9 ന് പൊലീസ് അറസ്റ്റ് ചെയ്തു.

പിസി ജോർജ് ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരസ്യ ആക്ഷേപത്തിൽ നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. നടിയുടെ വസതിയിൽ സെപ്തംബർ 9 ന് നേരിട്ടെത്തിയാണ് സിഐ പിഎം ബിജു മൊഴി രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പ് പ്രകാരം പിസി ജോർജിനെതിരെ കേസ്.

ദിലീപിന് സഹായിക്കാൻ തയ്യാറാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കെബി ഗണേഷ്കുമാർ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി ഇതേ ദിവസം (സെപ്തംബർ 9) പൊലീസ് കോടതിയെ സമീപിച്ചു. സാക്ഷിമൊഴികൾ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് പൊലീസ് കുറ്റപ്പെടുത്തി. എംഎൽഎ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പൊലീസ് കോടതിയെ സമീപിച്ചത്.

അതേസമയം ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പരാതിക്കാരനായ ഗിരീഷ് കുമാറിന്റെയും ചെറിയച്ഛൻ ഗിരീശന്റെയും മൊഴിയാണ് സെപ്തംബർ 9 ന് പൊലീസ് രേഖപ്പെടുത്തിയത്.

ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സംവിധായകൻ നാദിർഷ സെപ്തംബർ പത്തിന് രാത്രി ഇവിടെ നിന്ന് വിടുതൽ വാങ്ങി. നാദിർഷ പ്രത്യേകം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇദ്ദേഹത്തെ വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ തൊട്ടടുത്ത ദിവസം പ്രതികരിച്ചു.

താൻ പൊലീസ് കസ്റ്റഡിയിൽ അല്ലെന്ന് സെപ്തംബർ 11 ന് നടൻ നാദിർഷ തന്നെ അറിയിച്ചു. അതേസമയം ടിവി പരിപാടിയിൽ മിമിക്രിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ രോഷാകുലനായി നടൻ ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി നടൻ അനൂപ് ചന്ദ്രൻ പ്രതികരിച്ചു. പൊലീസിനോടായിരുന്നു നടന്റെ വെളിപ്പെടുത്തൽ. തന്റെ അനവധി സിനിമ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയെന്നും ഇദ്ദേഹം പരാതിപ്പെട്ടു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച മുൻ മന്ത്രി കെസി ജോസഫിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശി ബ്രിജിത് കൃഷ്ണയാണ് പരാതി നൽകിയത്.

ജൂലൈ 31 ന് ആലപ്പുഴ പ്രസ് ക്ലബിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ പിസി ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചതും സെപ്തംബർ 11 നാണ്.

pc george, mla, pC george, പിസി ജോർജ്, PC George MLA, പിസി ജോർജ് എംഎൽഎ, നടി ആക്രമിക്കപ്പെട്ട കേസ്, actress abduction case, Actress Attack case

സെപ്തംബർ 12 ന് നാദിർഷായുമായും കാവ്യയുമായും ബന്ധപ്പെട്ടുവെന്ന പൾസർ സുനിയുടെ മൊഴി പുറത്തായി. കാവ്യയെ കാണാൻ വെണ്ണലയിലെ പാർപ്പിട കോളനിയിലെ വസതിയിൽ നിരവധി തവണ താൻ പോയിട്ടുണ്ടെന്നും ഇവിടുത്തെ സന്ദർശക രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയെന്നും സുനിൽകുമാർ പൊലീസിനോട് പറഞ്ഞു. ദിലീപിന്റെ നിർദ്ദേശ പ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമ ലൊക്കേഷനിലെത്തിയ താൻ നാദിർഷയുടെ മാനേജരുടെ പക്കൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്നും നാദിർഷയുടെ മൊഴി.

കാവ്യയുടെ വസതിയുൾപ്പെട്ട പാർപ്പിട കോളനിയിലെത്തിയ പൊലീസിന് രജിസ്റ്റർ പരിശോധിക്കാനിയില്ല. സന്ദർശക രജിസ്റ്റർ മഴവെള്ളം വീണ് നശിച്ചുപോയെന്ന് സുരക്ഷ ജീവനക്കാരുടെ മൊഴി. 25000 രൂപ കൈപ്പറ്റിയെന്ന് പറയുന്ന ദിവസം സുനിൽകുമാർ തൊടുപുഴയിലുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ടവർ ലൊക്കേഷൻ രേഖകൾ തെളിവ്.

സെപ്തംബർ 13 ന് നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നാദിർഷയോട് നിർദ്ദേശിച്ചു. ജാമ്യഹർജിയിൽ വിധി പറയുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിധി പറയുന്നത് 18 ലേക്ക് മാറ്റി.

നാലാം വട്ടം ജാമ്യം തേടി സെപ്തംബർ 14 ന് ദിലീപ് വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അറുപത് ദിവസം തടവിൽ കഴിഞ്ഞതിനാൽ സോപാധിക ജാമ്യം അവകാശപ്പെട്ടാണ് ദിലീപ് കോടതിയിലെത്തിയത്. ദിലീപിനെ ജയിലിൽ സന്ദർശിച്ചവരുടെ രേഖകൾ ജയിൽ സൂപ്രണ്ടിൽ നിന്നും കോടതി വാങ്ങി.

ദിലീപ് കേന്ദ്രകഥാപാത്രമായ വൻ ബജറ്റ് ചിത്രം രാമലീലയുടെ റിലീസിന് തിയേറ്ററുകളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇപ്പോൾ പരിഗണിക്കേണ്ട അടിയന്തിര സ്വഭാവം ഹർജിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്ന് പിടി തോമസ് എംഎൽഎ യുടെ ആരോപണം. മുൻ ഇടത് എംപിയായ ഡോ.സെബാസ്റ്റ്യൻ പോൾ ദിലീപിന് അനുകൂലമായി ലേഖനമെഴുതിയതും കെബി ഗണേഷ്‌കുമാർ എംഎൽഎ ദിലീപിനെ സന്ദർശിച്ചതും അനുകൂലിച്ച് സംസാരിച്ചതും ചൂണ്ടിക്കാട്ടിയാണ് പിടി തോമസ് ആരോപണം ഉന്നയിച്ചത്.

സെപ്തംബർ 15 ന് ആലുവ പൊലീസ് ക്ലബിൽ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യൽ ആരംഭിക്കും മുൻപ് തന്നെ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

സെപ്തംബർ 17 ന് നാദിർഷ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായി. ആലുവ പൊലീസ് ക്ലബിൽ അഞ്ച് മണിക്കൂറോളം നാദിർഷയെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങിയ നാദിർഷ തന്റെ നിരപരാധിത്വം പൊലീസിനെ ബോധ്യപ്പെടുത്തിയതായി പറഞ്ഞു.

സെപ്തംബർ 18 ന് ഹർജി പരിഗണിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താരത്തിന് മേൽ ചുമത്തിയതെന്നും സോപാധിക ജാമ്യത്തിന് അർഹനല്ലെന്നും ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 19 ന് ദിലീപ് ജാമ്യത്തിനായി മൂന്നാം തവണ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ മൂന്നിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു. നിലവില്‍ വിചാരണയിലേക്ക് കേസ് കടക്കുമ്പോള്‍ വ്യത്യസ്ഥ ആവശ്യങ്ങളുമായാണ് നടിയും പ്രതിയും കോടതിയെ സമീപിക്കുന്നത്. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കണമെന്നാണ് നടിയുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.