കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കോടതിയിൽവച്ച് ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും കേസിലെ ചില നിർണായകരേഖകളും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നൽകിയിരുന്നു. എന്നാൽ മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയിരുന്നില്ല. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയാണ്. 350 ഓളം സാക്ഷി മൊഴികളും 450 ലേറെ രേഖകളും കുറ്റപത്രത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് കുറ്റപത്രത്തിലുളളത്. അയ്യായിരത്തോളം പേജുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ