ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ദുബായില്‍ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനത്തിന് പോകാന്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നാണ് ആവശ്യം.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ഉളളത്. എന്നാല്‍ ഏതൊക്കെ ദിനമാണ് ദുബായില്‍ പോകേണ്ടതെന്ന് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പൊലീസ് ഇത് കോടതിയില്‍ എതിര്‍ക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ദിലീപ് ജയിലില്‍നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. ജയിലിയായതിന് ശേഷം ഒരു തവണ മാത്രമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങിയിരുന്നത്. അത് അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു. ഇതിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നാം തവണ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപിന് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞത്. ആലുവ സബ് ജയിലിലെ 523-ാം നമ്പർ തടവുകാരനായിരുന്നു ദിലീപ്.
മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഹൈക്കോടതി ദിലീപിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണം. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.