കൊച്ചി: സ്വയം സുരക്ഷയ്ക്കായി ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയതായി റിപ്പോർട്ട്. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്സിന്റെ സഹായമാണ് ദിലീപ് തേടിയതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജയിലിൽനിന്നും പുത്തിറങ്ങിയതിനുശേഷം ദിലീപിനുനേരെ പൊതുജനമധ്യത്തിൽ കയ്യേറ്റമുണ്ടായേക്കുമെന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവാം ദിലീപ് സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി ഇനി മുതൽ മൂന്നു പേരുണ്ടാവും. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയൊക്കെയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങൾക്കുളള സമാനമായ സുരക്ഷയാണ് ദിലീപിനും ലഭിക്കുക.

റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് കേരളത്തിലെ തണ്ടര്‍ഫോഴ്സ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇദ്ദേഹവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മൂന്നുപേരെ നിയമിക്കാൻ തീരുമാനമായത്. തണ്ടര്‍ഫോഴ്സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓഫിസുളളത്.
കേരളത്തില്‍ നൂറോളം പേര്‍ ജീവനക്കാരായി ഉണ്ട്. വിമുക്ത ഭടന്മാരാണ് കൂടുതൽ ജീവനക്കാരും. ഇവർക്ക് തോക്ക് കൈവശം വയ്ക്കാനുളള അധികാരമുണ്ട്. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി തണ്ടർഫോഴ്സിനെ സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേര്‍ വ്യവസായികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ