കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നു. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്നാണ് കോടതി നിര്‍ദേശം.

നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിലുള്ളതിനാലാണ് നടപടി.
കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു.

ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. തെളിവായി ലഭിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് ദിലീപ് വാദിക്കുന്നു.

പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം അഭിഭാഷകനും വിദഗ്ദനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.