കൊച്ചി: ആക്രമണത്തിനിരയായ നടിക്കെതിരെ നടത്തിയ പരാമർശത്തിൽ നടൻ ദിലീപ് ഖേദം പ്രകടിപ്പിച്ചു. താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് പരസ്യമായി ദിലീപ് ഖേദപ്രകടനം നടത്തിയത്.

നടിയെക്കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നു. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഞാൻ ഈ വിഷയത്തിൽ മനോവിഷമം അനുഭവിക്കുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചാനൽ ചർച്ചയിൽ അത്തരത്തിലുളള ഒരു പരാമർശം നടത്തിയത്. അത് ബോധപൂർവമായിരുന്നില്ല. ഏതെങ്കിലും കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നു. എല്ലാവരുടേയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ദിലീപ് യോഗത്തിൽ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച വിഷയം ‘അമ്മ’യുടെ യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു. ‘അമ്മ’ നേതൃത്വം പൂര്‍ണമായ പിന്തുണ വാഗ്‌ദാനം ചെയ്തതായും റിമ വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റിലായിരുന്നു ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണ്. ആരോടൊക്കെ കൂട്ടുകൂടണമെന്ന് ചിന്തിക്കണം. തനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നു ചോദിച്ചപ്പോഴാണ് സംവിധായകന്‍ ലാലാണ് പറഞ്ഞതെന്ന് ദിലീപ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ