കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജാമ്യം തേടി നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കില്ല. നാളെയായിരിക്കും ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിക്കുക. അതേസമയം, അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി സംവിധായകനും നടനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിർഷ ഇന്ന് കോടതിയെ സമീപിക്കും.

ഇന്നലെയാണ് പൾസർ സുനി നടനും സംവിധായകനും ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിർഷയ്ക്കെതിരെ നൽകിയ മൊഴി പുറത്തുവന്നത്. ദിലിപ് നിർദ്ദേശിച്ച പ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമ സെറ്റിലെത്തി നാദിർഷയുടെ മാനേജരിൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്നായിരുന്നു സുനിയുടെ മൊഴി. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നാദിർഷയ്ക്ക് നിർദ്ദേശം ലഭിച്ചിരുന്നെങ്കിലും ഇദ്ദേഹം ഹാജരായിരുന്നില്ല.

നാദിർഷയാണ് തെളിവുകൾ നശിപ്പിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടർന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച നൽകിയ നോട്ടീസിൽ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം.

എന്നാൽ നാദിർഷ നോട്ടീസ് ലഭിച്ച ഉടൻ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ നാദിർഷയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾ ശക്തമായി ഉയർന്നിരുന്നു.

അതേസമയം, ഇത് മൂന്നാം വട്ടമാണ് നടൻ ദിലീപിന് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് ജാമ്യത്തിൽ പുറത്തിറങ്ങുകയാണ് ദിലീപിന്റെ ശ്രമം. നാളെ ഹർജി സമർപ്പിച്ചാൽ ഇത് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ