കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജൂണ്‍ 24ന് ചേര്‍ന്ന യോഗത്തിലെടുത്തതെന്ന അമ്മയുടെ വാദം പൊളിയുന്നു. ഈ തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ വച്ചു ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം മരവിപ്പിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. പഴയ എക്‌സിക്യൂട്ടീവ് ബോഡിയാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. 2015-2018 കാലത്തേക്കുള്ള ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഇവരൊക്കെയായിരുന്നു-ഇന്നസെന്റ് (പ്രസിഡന്റ്‌), മോഹന്‍ലാല്‍ (വൈസ് പ്രസിഡന്റ്‌), മമ്മൂട്ടി (ജനറല്‍ സെക്രട്ടറി), ഇടവേള ബാബു സെക്രട്ടറി (സെക്രട്ടറി), ദിലീപ് (ട്രഷറര്‍ – പുറത്താക്കുന്നത് വരെ), പൃഥ്വിരാജ്, നിവിന്‍ പോളി, അസിഫ് അലി, രമ്യാ നമ്പീശന്‍, മുകേഷ്, ദേവന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, കലാഭവന്‍ ഷാജോന്‍, കുക്കൂ പരമേശ്വരന്‍ (മെംബര്‍മാര്‍)

Read More. നാടകീയമായ ആ തിരിച്ചെടുക്കൽ​ നടന്നതിങ്ങനെ: ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ നിന്നൊരു സാക്ഷിമൊഴി

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഇക്കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടായതാണെന്നാണ് താരസംഘടനയിലെ അംഗങ്ങള്‍ നേരത്തേ പറഞ്ഞിരുന്നത്. ആ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

ദിലീപിനെ തിരിച്ചെടുത്തു എന്ന തീരുമാനം വന്നതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചത്. ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരായിരുന്നു മറ്റു നടിമാര്‍. സംഘടനയില്‍ തുടരാന്‍ തീരുമാനിച്ച പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ചേര്‍ന്ന് പ്രത്യേക യോഗം ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തു നല്‍കിയിരുന്നു. തീരുമാനം പുനഃപരിശോധിക്കുമെന്ന് അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.