/indian-express-malayalam/media/media_files/uploads/2017/03/kamal-1.jpg)
കൊച്ചി: 'അമ്മ'യിലെ ഭൂരിപക്ഷം താരങ്ങളും സംഘടനയുടെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന പരാമര്‍ശത്തില്‍ സംവിധായകൻ കമൽ ഖേദം പ്രകടിപ്പിച്ചു. കമലിന്റെ പ്രസ്‌താവന തങ്ങളെ വേദനിപ്പിച്ചുവെന്ന് അമ്മയിലെ മുതിര്‍ന്ന താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, മധു, ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചതിന് പിന്നാലെയാണ് കമല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് കമല്‍ പറഞ്ഞു. ഇത് അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ വിഷമിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. അതേസമയം ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാര്‍ക്ക് കമല്‍ പിന്തുണ അറിയിച്ചു.
കമലിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ കത്തയച്ചിരുന്നു. 'ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹ സ്‌പർശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു,'എന്ന് കത്തില്‍ പറയുന്നു.
ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും മലയാള സിനിമ സ്ത്രീവിരുദ്ധമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 'മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്.
താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല'. കമല്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഈ പരാമര്‍ശത്തിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുതിര്‍ന്ന താരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.