തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവം വിവാദമായതോടെ ദിലീപ് തന്നെ രംഗത്ത്. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാവാനില്ലെന്ന് അദ്ദേഹം അമ്മയ്‌ക്ക് കത്തെഴുതി. ‘ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, ദിലീപ് കത്തില്‍ എഴുതി.

അമ്മയ്‌ക്ക് ദിലീപ് അയച്ച കത്തിന്റെ പൂർണരൂപം:

ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സർ,

കഴിഞ്ഞ 24നു കൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെംബറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവൈലബിൾ എക്‌സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി. അതിൽ അമ്മ ഭാരവാഹികൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസാ വാചാ അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഫിയോക്ക് എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്

ദിലീപ്
28/06/18
ആലുവ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.