ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
ക്രിസ്മസ് അവധിക്കായി കോടതി അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹര്‍ജിയുമായി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഇരു കോടതികളും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ പൊലീസ് എതിര്‍ത്തിരുന്നു. ദൃശ്യങ്ങളില്‍ സ്ത്രീ ശബ്ദമുണ്ടെന്നും, ഇത് ആക്രമിക്കപ്പെട്ട നടിയുടേത് ആണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അങ്കമാലി കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ പൊലീസ് കാര്യങ്ങള്‍ മറച്ചുപിടിക്കുകയാണെന്നും ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇരു കോടതികളും ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.