കൊച്ചി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നിന്ന് മലയാളി യുവാവ് ഡിജോ വീട്ടിലേക്ക് വിളിച്ചു. കപ്പലില്‍ എല്ലാവരും സുരക്ഷിതരാണെന്നും ഡിജോ മാതാപിതാക്കളോട് പറഞ്ഞു. ഇന്നലെയും ഇന്നുമായി രണ്ട് തവണ ഡിജോ വീട്ടിലേക്ക് വിളിച്ചതായി പിതാവ് പാപ്പച്ചന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കപ്പലിലെ മെസ് മാനാണ് കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്.
ഇന്നലെയും ഇന്നും ഡിജോ വീട്ടിലേക്ക് വിളിച്ചിരുന്നു. ഏഴ് മിനിറ്റോളം സംസാരിച്ചു. കപ്പലില്‍ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിജോ തന്നോട് പറഞ്ഞതായി പാപ്പച്ചന് പറഞ്ഞു.
പാപ്പച്ചനോടും അമ്മ ഡീനയോടും ഡിജോ സംസാരിച്ചു. ഇന്നലെയും ഇന്നും രാവിലെ പത്ത് മണിയോടെയാണ് വീട്ടിലേക്ക് ഡിജോയുടെ ഫോണ്‍ കോള്‍ എത്തുന്നത്. രണ്ട് മാസത്തേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും കപ്പലിലുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഡിജോ തങ്ങളോട് പറഞ്ഞതായി പാപ്പച്ചന് പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിജോ പറഞ്ഞു-പാപ്പച്ചന് കൂട്ടിച്ചേര്‍ത്തു.
Read Also: ഡിജോ വിളിക്കുമെന്ന പ്രതീക്ഷയിലാണ് പാപ്പച്ചന്; ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ നീക്കങ്ങള്‍ ഊര്‍ജിതം
രണ്ട് വര്‍ഷമായി ‘സ്റ്റെന ഇംപെറോ’ കമ്പനിയിലെ ജീവനക്കാരനാണ് ഡിജോ. നൈപുണ്യയില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ശേഷം യൂറോടെക്കില്‍ നിന്ന് ഷിപ്പിങ് കോഴ്സിലും സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. അതിനു പിന്നാലെയാണ് ക്യാംപസ് റിക്രൂട്മെന്റിലൂടെയാണ് ഡിജോയ്ക്ക് ‘സ്റ്റെന ഇംപെറോ’ കമ്പനിയിൽ ജോലി ലഭിച്ചത്. മെയ് 18 നാണ് ഏറ്റവും അവസാനമായി ഡിജോ അവധിക്ക് എത്തിയത്. ജൂണ്‍ 14 ന് തിരിച്ചുപോകുകയും ചെയ്തു. ജൂണ്‍ 18 നാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അതിനു ശേഷം കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഡിജോ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുക്കുകയും ചെയ്തു.
ജൂലൈ 18 ന് രാവിലെ 10.30 നാണ് ഡിജോ അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. അമ്മയോട് കുറേനേരം സംസാരിച്ചു. പിന്നീട് ഡിജോ വിളിക്കുന്നത് 25 -ാം തീയതി വ്യാഴാഴ്ചയാണ്. ജൂലൈ 19 ന് പുലര്‍ച്ചെ 1.30 നാണ് കമ്പനിയില്‍ നിന്ന് ഡിജോയുടെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. കപ്പല്‍ ഇറാന് പിടിച്ചെടുത്തിരിക്കുകയാണെന്ന കാര്യം അപ്പോഴാണ് വീട്ടിലുള്ളവര്‍ അറിയുന്നത്. പാപ്പച്ചന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഡിജോ. പാപ്പച്ചന്റെ മൂത്ത മകള്‍ ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എൻജിനീയര്‍ ആണ്. മൂന്നാമത്തെ മകള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. കപ്പല്‍ ഇറാന് പിടിച്ചെടുത്ത കാര്യം അറിഞ്ഞതും വീട്ടിലുള്ളവര്‍ ആകെ നിരാശയിലായി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി പാപ്പച്ചന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിടിച്ചെടുത്ത കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് മന്ത്രി പറഞ്ഞതായി പാപ്പച്ചന് പറയുന്നു. കളമശേരി എംഎല്‍എ ഇബ്രാഹിംകുഞ്ഞും രാജ്യസഭാ മുന്‍ എംപിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.രാജീവും വീട്ടില്‍ വന്നിരുന്നുവെന്നും പാപ്പച്ചന് പറഞ്ഞു.