തിരുവനന്തപുരം: ഡീസൽ വില വർദ്ധനവ് കാരണം കെഎസ്ആർടിസി ഓർഡിനറി സർവ്വീസുകളെല്ലാം സിംഗിൾ ഡ്യൂട്ടികളാക്കുന്നു. ഇന്നു മുതൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നിലവിൽ വരും. കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ.തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതൽ ബസുകൾ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്തു ബസുകൾ കുറയുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇത്തരത്തിൽ പുനഃക്രമീകരിക്കുന്ന പുതിയ ഷെഡ്യൂൾ ഡ്യൂട്ടി സംമ്പ്രദായം ഇന്ന് മുതൽ നിലവിൽ വരും. കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ.തച്ചങ്കരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡ്യൂട്ടി സമ്പ്രദായം പുനഃക്രമീകരിക്കുമ്പോൾ കെഎസ്ആര്‍ടിസിയുടെ തന്നെ അടുത്ത യൂണിറ്റുകളിലെ ഷെഡ്യൂളുകളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സിംഗിൾ ഡ്യൂട്ടി ഷെഡ്യൂളുകൾ ആദ്യമാസം 8500 രൂപയെങ്കിലും വരുമാനം ഉറപ്പാക്കേണ്ടതാണെന്നും ഇല്ലാത്തപക്ഷം മേഖലാ ഓഫീസിൽ വിവരമറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ഒരു ദിവസത്തെ കെഎസ്ആർടിസിയുടെ ഡീസൽ ഉപഭോഗം 4.65ലക്ഷം ലിറ്റർ വരെയാണ്. ഡീസലിന്റെ വില വര്‍ദ്ധിച്ചതോടെ കോർപ്പറേഷന് പ്രതിമാസം 18.13 കോടി രൂപ അധികമായി ചെലവ് വരുന്നു. എന്നാൽ ഒരുമാസം ഗവർണ്‍മെന്‍റിൽ നിന്നും ശമ്പളത്തിനും മറ്റ് എല്ലാ ചിലവുകൾക്കുമായി ലഭിക്കുന്നത് 20 കോടി രൂപ മാത്രമാണ്. ഇത്തരത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കോർപ്പറേഷൻ കടന്നുപോകുന്ന സാഹചര്യത്തിലാണ് സർവ്വീസ് ഓപ്പറേഷനിൽ ഫലപ്രദമായ മാറ്റം വരുത്തുവാൻ കോർപ്പറേഷൻ നിർബന്ധിതമായിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.