തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ധന പ്രതിസന്ധി. ഡീസൽ ക്ഷാമം രൂക്ഷമായതോടെ ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാന വ്യാപകമായി ഇന്ന് പകുതിയിലധികം സർവീസുകൾ റദ്ദാക്കി. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂവെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
കൊട്ടാരക്കര ഡിപ്പോയിൽ 33 ഓർഡിനറി സർവീസ് ഡീസൽ ക്ഷാമത്തെ തുടർന്ന് തടസ്സപ്പെട്ടു. ഡിപ്പോയിലെ 67 ഓർഡിനറി ബസുകളിൽ 33 ബസുകളും സർവീസ് നടത്തിയില്ല. കൊല്ലം, പുനലൂർ, പത്തനാപുരം, അടൂർ, ആയൂർ, പാരിപ്പള്ളി ചെയിൻ സർവീസുകളും മുടങ്ങി. ബസുകൾ ഇല്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. ബുധനാഴ്ച വടക്കന്‍, മധ്യ മേഖലകളില്‍ നിന്ന് മാത്രം ഇന്ധനമില്ലാത്തതിനാല്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
എണ്ണ കമ്പനികൾക്ക് വൻ തുക കുടിശിക ആയതിനെ തുടർന്നാണ് ഡീസൽ ലഭ്യമാകാതെ വന്നത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. സര്‍ക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നത്തിന് കാരണമായത്.
സർവീസുകൾ കുറച്ചു കൊണ്ടുള്ള ഉത്തരവ് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറാണ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്ച്ച ഉച്ചക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്ച്ച തിരക്ക് ഉണ്ടാകുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.