തിരുവനന്തപുരം: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെടി ജലീല്‍. എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാനാവില്ലെന്നും മന്ത്രി ഫെയ്സ്ബുക്കിൽകുറിച്ചു. മാധ്യമങ്ങളെയും കുറിപ്പില്‍ മന്ത്രി വിമര്‍ശിക്കുന്നുണ്ട്. തന്നെ എന്‍ഐഎ വിളിച്ചത് സാക്ഷിക്കുള്ള നോട്ടീസ് നല്‍കിയാണ്. എന്നാല്‍ തൂക്കിലേറ്റും മുമ്പ് വിളിച്ചെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

Read More: നയതന്ത്ര ബാഗിലൂടെ ഖുറാൻ കൊണ്ടുവന്ന സംഭവം; കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു

“എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ?,” കുറിപ്പിൽ ജലീൽ ചോദിച്ചു.

ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എന്‍.ഐ.എ, Cr.P.C 160 പ്രകാരം ‘Notice to Witness’ ആയി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍ വിധിക്കുന്നതിന് മുമ്പ് ‘നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിച്ചവിട്ടി.

ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍?

ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല.

അതേസമയം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടന്നു. മലപ്പുറത്ത് യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസും നടത്തിയ പ്രതിഷേധത്തില്‍ പോലീസ് ജലപീരങ്കിയും ലാത്തി ചാർജും നടത്തി. ലാത്തിച്ചാർജില്‍ ഏതാനും പ്രവർത്തകർക്ക് പരുക്കേറ്റു.

മലപ്പുറത്ത് രാവിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തി. ഇതേത്തുടര്‍ന്ന് കോട്ടപ്പുറം താലൂക്കാശുപത്രിക്ക് മുന്നില്‍ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകർ റോഡില്‍നിന്ന് മാറാന്‍ തയാറാകാതെ പ്രതിഷേധം തുടര്‍ന്നു. തുടർന്നാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

കോട്ടയത്ത് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് തലയ്ക്കടിയേറ്റു. കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിൽ ബലപ്രയോഗം നടന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജില്ലാ പ്രസിഡന്റ് സിന്ധു കുര്യൻ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു.

വിടി ബൽറാം ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരായ മർദനത്തിൽ പ്രതിഷേധിച്ച് എംഎൽമാരായ ഷാഫി പറമ്പിലിന്റെയും കെഎസ് ശബരീനാഥിന്റെയും നേതൃത്വത്തിൽ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് കുത്തിയിരിപ്പ് സമരം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആലപ്പുഴയില്‍ ബി.ജെ.പി കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. തുടർന്ന് ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.